വാഴക്കുലകള്‍ പഴുത്തില്ല; 10,000 രൂപ നല്‍കാന്‍ വിധി

തിരുവനന്തപുരം: പറഞ്ഞസമയത്ത് വാഴക്കുല പഴുക്കാത്തതിനെതിരെ നല്‍കിയ പരാതിയില്‍ 10,000 രൂപ ഗൃഹനാഥന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. വെള്ളായണി ഊക്കോട് ഗോവിന്ദവിലാസത്തില്‍ ജി.സദാശിവന്‍ നായര്‍ക്കാണ് നഷ്ടപരിഹാരമായി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.എന്‍. വെജിറ്റബിള്‍സ് 10,000 രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. 2014 ഫെബ്രുവരി 28ന് വെള്ളായണി ദേവീക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സദാശിവന്‍ നായരുടെ വീട്ടില്‍ പൂജ നടത്തുന്നതിനാണ് എസ്.എന്‍. വെജിറ്റബിള്‍സ് എന്ന കടയില്‍ നിന്ന് എട്ട് രസകദളി, മൂന്ന് പാളയന്‍കോടന്‍, ഒരു പടത്തി പഴക്കുലകള്‍ക്ക് രാവിലെ ഓര്‍ഡര്‍ നല്‍കിയത്. വൈകിട്ട് 7,700 രൂപ നല്‍കി കുലകളും വാങ്ങി. ഉറയില്‍ നിന്നും ഇപ്പോള്‍ എടുത്തതാണെന്നും രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ കുലകള്‍ പഴുക്കുമെന്നും പറഞ്ഞ് പച്ചക്കുലകളാണ് കടയുടമ നല്‍കിയത്.
എന്നാല്‍ അടുത്ത ദിവസമായിട്ടും കുലകള്‍ പഴുത്തില്ല. ഉടനടി വിവരം കടക്കാരനെ അറിയിച്ചിട്ടും യാതൊരു വിധ പ്രതികരണം നല്‍കാത്തതിനെത്തുടര്‍ന്നാണ് സദാശിവന്‍ നായര്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമര്‍പ്പിച്ചത്. തുടര്‍ന്ന് മണക്കാട് നിന്നും വേറെ കുലകള്‍ വാങ്ങിയാണ് ഉപയോഗിച്ചത്.