നോട്ട് ക്ഷാമം: അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ പൊതുവിപണിയില്‍ അരി വില കുത്തനെ കൂടി. 500,1000 രൂപ നോട്ടുകള്‍ അസാധുമായി 13 ദിവസം പിന്നിട്ടപ്പോള്‍ അരിവിലയില്‍ പത്ത് ശതമാനം മുതല്‍ 20 ശതമാനം വരേയാണ് വര്‍ധനവുണ്ടായത്. പലവ്യഞ്ജനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.
വ്യാപകമായി ഉപോഗിക്കുന്ന ബോധന, ജയ, സുരേഖ ഇനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. കിലോക്ക് 22 രൂപ വിലയുണ്ടായിരുന്ന ബോധന അരിക്ക് ഇപ്പോള്‍ 29 മുതല്‍ 30 രൂപ വരേയാണ് മൊത്തവില. ഇതു രണ്ടാഴ്ചയായി ക്രമേണ വര്‍ധിക്കുകയായിരുന്നു. ബോധന അരി ഇപ്പോള്‍ പല മാര്‍ക്കറ്റിലും ലഭിക്കുന്നുമില്ല.
കിലോയ്ക്ക്് 26 രൂപയുണ്ടായിരുന്ന കുറുവ അരി ആറുരൂപ വര്‍ധിച്ച് 31 രൂപയായി. ജയ അരിക്ക് 32 രൂപയുണ്ടായിരുന്നത് 35 രൂപയായി. 29 രൂപയുണ്ടായിരുന്ന എ വണ്‍ ഐ.ആര്‍.എട്ടിന് 33 രൂപയാണ് കോഴിക്കോട്ടെ വിപണി വില. ഇതിന് കൊച്ചിയില്‍ 50 പൈസയുടെ വ്യത്യസമുണ്ട്. മഞ്ഞക്കുറുവ 28 രൂപയുണ്ടായിരുന്നത്് അഞ്ചു രൂപ വര്‍ധിച്ച് 33 രൂപയിലാണ് ഇന്നലെ വില്‍പ്പന നടന്നത്. 31 രൂപയുടെ ജയ അരിയ്ക്ക് രണ്ടു രൂപയാണ് വര്‍ധിച്ചത്. പച്ചരിക്കും വില വര്‍ധിച്ചിട്ടുണ്ട്്. നല്ലയിനം പച്ചരി 27 രൂപയുണ്ടായിരുന്നത് രണ്ട് രൂപ വര്‍ധിച്ചപ്പോള്‍ 23 രൂപയുണ്ടായിരുന്ന ഇനത്തിന് 27 രൂപയായി.
വെളിച്ചെണ്ണയുടേയും എണ്ണയുടേയും വിലയും ഉയരുകയാണ്. രണ്ടാഴ്ച മുമ്പ് ലിറ്ററിന് 51 രൂപയുണ്ടായിരുന്ന എണ്ണയ്ക്കു ഇപ്പോള്‍ 64 രൂപയാണ് വില. വെളിച്ചെണ്ണ 89 രൂപയുണ്ടായിരുന്നത് വര്‍ധിച്ച് 95 രൂപക്കാണ് ഇന്നലെ വ്യാപാരം നടന്നത്. മൈദ കിലോയക്ക് 26 രൂപയുണ്ടായിരുന്നത് 28 രൂപയായി. റവ 27ല്‍ നിന്ന് 29 രൂപയായി. പഞ്ചസാര 50 കിലോയുടെ ചാക്കിന് 15 രൂപ വര്‍ധിച്ചു.
അതേസമയം പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. ഉള്ളിക്ക് 15 രൂപയുണ്ടായിരുന്നത് 17.50 രൂപയായപ്പോള്‍ 15 രൂപയുണ്ടായിരുന്ന തക്കാളി വില 8 രൂപയായി കുറഞ്ഞു. മറ്റുപച്ചക്കറിയിനങ്ങളിലും കാര്യമായ മാറ്റമില്ല. മാര്‍ക്കറ്റില്‍ പലവ്യഞ്ജനങ്ങള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ടെന്നും വരും ദിനങ്ങളില്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്നും കച്ചവടക്കാര്‍ പറയുന്നു. ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില ഉയരാന്‍ ഇടയാക്കിയതെന്നാണ് മൊത്ത വ്യാപാരികള്‍ നല്‍കുന്ന സൂചന.