ഹീര ബില്‍ഡേഴ്‌സിനെതിരെ ജപ്തി നടപടി

-ക്രിസ്റ്റഫര്‍ പെരേര-
തിരുവനന്തപുരം: മുപ്പത് കോടി രൂപയുടെ വായ്പ മുടങ്ങിയതിനെ തുര്‍ന്ന് തലസ്ഥാനത്തെ പ്രമുഖ ബില്‍ഡറായ ഹീര ഈട് നല്‍കിയ വസ്തുവകകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ജപ്തി ചെയ്യുന്നു. രണ്ട് വായ്പകളിലായി പലിശ സഹിതം 31 കോടി രൂപയാണ് അടയ്ക്കാനുള്ളത്. അറുപത് ദിവസത്തിനുള്ളില്‍ പലിശ സഹിതം തുക അടയ്ക്കണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാല്‍ക്കുളങ്ങര ശാഖാ മാനേജരാണ് നോട്ടീസ് അയച്ചത്. സമയത്തിനുള്ളില്‍ തുക അടയ്ക്കാത്തത് കൊണ്ട് പണയപ്പെടുത്തിയ വസ്തുവകകള്‍ 20-10-2016 മുതല്‍ കൈവശമെടുത്തതായി ബാങ്കിന്റെ റിക്കവറി വിഭാഗം പത്രത്തിലൂടെ അറിയിച്ചു.
പണയപ്പെടുത്തിയ വസ്തുവകകളിലുള്ള ഇടപാടുകള്‍ നടത്തരുതെന്നും ബാങ്ക് അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം കവടിയാറില്‍ ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള വസ്തുവകകള്‍ പണയപ്പെടുത്തിയാണ് ഹീര ലൈഫ് സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് വായ്പ എടുത്തത്. നെടുമങ്ങാട് പനവൂരിലുള്ള ഹീര എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളും കെട്ടിടങ്ങളും പണയ വസ്തുവില്‍പ്പെടും. നവംബര്‍ 22 വരെ വായ്പ അടച്ചിട്ടില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പാല്‍ക്കുളങ്ങര ശാഖാ മാനേജര്‍ ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു.