ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രിം കോടതി

വിവാദമായ മതംമാറ്റ കേസില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അച്ഛന്‍ അശോകനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 27 ന് മൂന്ന് മണിക്ക് മുന്‍പ് ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഹാദിയയുടെ ഭര്‍ത്താവി ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഹാദിയ കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യം കോടതി തള്ളി.

നിര്‍ബന്ധിത വീട്ടുതടങ്കലില്‍ ആണോ എന്നറിയുന്നതിന് വേണ്ടിയാണ് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായോ എന്നതും ഹാദിയയില്‍ നിന്ന് കോടതി ചോദിച്ചറിയും.

ഹാദിയയെ ഹാജരാക്കേണ്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷമേ എന്‍ഐഎയുടേയും പിതാവ് അശോകന്റെയും വാദംകേള്‍ക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.