സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയില്‍ വെച്ചു.
രാവിലെ ഒമ്പതുമണിയ്ക്കായിരുന്നു സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കാനായി പ്രത്യേക സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാനടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ റിപ്പോര്‍ട്ട് അവതരിപ്പിക്കാനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചു. അതിനിടെ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തിനിടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതായി മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേല്‍ സഭാചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ എംഎല്‍എമാര്‍ക്കും വിതരണം ചെയ്യും. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ഉണ്ടായിരിക്കില്ല. തുടര്‍ന്ന്് സഭ പിരിയും.
കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സഭാ നടപടികള്‍ ദൃശ്യമാധ്യമങ്ങളെ തത്സമയം സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചിരുന്നു. സഭയില്‍വെക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും.
 
            


























 
				
















