റയാന്‍ കൊലപാതകം: ബസ് ജീവനക്കാരന് പങ്കില്ലെന്ന് സിബിഐ

ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരന് പങ്കില്ലെന്ന് സിബിഐ. എന്തടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് കോടതി നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. പക്ഷെ അതിന് മറുപടി നല്‍കാന്‍ സിബിഐയ്ക്കു കഴിഞ്ഞില്ലെന്ന് ബസ് ജീവനക്കാരന്‍ അശോക് കുമാറിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി.ഗുരുഗ്രാം കോടതിയിലാണ് ഇതു സംബന്ധിച്ച കാര്യം സിബിഐ ബോധിപ്പിച്ചത്.അതേസമയം, കേസന്വേഷണത്തിനിടയില്‍ ഏതെങ്കിലും രീതിയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു തോന്നുന്ന പക്ഷം വീണ്ടും ചോദ്യം ചെയ്യുമെന്നും സിബിഐ അറിയിച്ചു. മുന്‍പ് ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

എന്നാല്‍, പ്രദ്യുമ്‌നന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സുകാരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ തെറ്റ് പറ്റിയതായി ഹരിയാന പോലീസ് സമ്മതിച്ചിരുന്നു. ക്യാമറ ദൃശ്യങ്ങളുടെ തുടക്കത്തില്‍ 11ാം ക്ലാസ്സുകാരനായ പ്രതി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ ബാത്ത്‌റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗമാണ് പോലീസ് ശ്രദ്ധിക്കാതെ പോയത്.ഗുരുഗ്രം പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ ഈ കേസിലെ അന്വേഷണ സംഘത്തെ പ്രത്യേകം വിളിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു.