കര്‍മ്മ നിരതയുടെ തിളക്കത്തില്‍ കീന്‍ കുടുംബ സംഗമം

ജയ്‌സണ്‍ അലക്‌സ്

ന്യൂജേഴ്സി: അനിതര സാധാരണമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വെളിച്ചം പരത്തിക്കൊണ്ട്, ഒരു വര്‍ഷം കൂടി പിന്നിടുകയാണ് എന്‍ജിനീയേഴ്സ് അസ്സോസിയേഷന്‍ കീന്‍. ഇദംപ്രദമമായി വര്‍ഷാവസാനം നടത്തുന്ന കുടുംബ സംഗമം പാട്ടേര്‍സണിലെ സെന്റ് ജോര്‍ജ്ജ് ഹാളില്‍ ആഘോഷപൂര്‍വ്വം നടത്തി. വടക്കു കിഴക്കന്‍ പ്രവിശ്യകളെ ചേര്‍ത്തിണക്കിക്കൊണ്ട് അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്ത പ്രസ്തുത സമ്മേളനം, ആള്‍ കൊഴുപ്പിലാലും, വൈവിധ്യമാര്‍ന്ന പരിപാടികളാലും വ്യത്യസ്തമായിരുന്നു.

പ്രസിഡന്റ് എല്‍ഡോ പോള്‍ അധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍, പത്മശ്രീ സോമസുന്ദരന്‍ പ്രധാന അതിഥിയായിരുന്നു. സുപ്രസിദ്ധ ഗായകന്‍ തഹസീന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗ പരിപാടികളില്‍ 2017 ലെ അവാര്‍ഡു ദാന നിര്‍വ്വഹണവും നടത്തുകയുണ്ടായി. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍, കീന്‍ ഈ വര്‍ഷം ചെയ്ത സേവനങ്ങളെപ്പറ്റി എല്‍ഡോ പോള്‍ അഭിമാനപുരസ്സരം വാചാലനായി. മൂന്നു റീജിയണുകളിലായി നടത്തിയ വിവിധങ്ങളായ സെമിനാറുകള്‍, ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചതായും പ്രസിഡന്റ് ഊന്നിപ്പറഞ്ഞു, കമ്മറ്റി അംഗങ്ങളുടെയും, പ്രത്യേകിച്ച് റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ സോജിമോന്‍ ജയിംസ്, മെറി ജേക്കബ്, ജോര്‍ജ്ജ് ജോണ്‍ എന്നിവരുടെയും പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അങ്ങേയറ്റം പ്രശംസിച്ചു. ‘മനുഷ്യ മനസ്സിനെ മെഡിറ്റേഷനിലൂടെ എങ്ങനെ നിയന്ത്രിയ്ക്കാം’ എന്നു സദസ്യരെ ചിന്തിപ്പിച്ച്, പത്മശ്രീ സോമസുന്ദരന്‍ തന്റെ പ്രസംഗ ചാതുര്യം ഒരിയ്ക്കല്‍ കൂടി തെളിയച്ചപ്പോള്‍, കുടുംബസംഗമം പ്രൊഫഷണലിസത്തിന്റെ മറ്റൊരു തലത്തിലെത്തി.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകനം ജനറല്‍ സെക്രട്ടറി മനോജ് ജോണ്‍ സദസ്യര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍, സ്റ്റുഡന്റ് അഫയേഴ്സ് ചെയര്‍മാന്‍ ഷാജി കുര്യാക്കോസ് ഡിസംബര്‍ 3ന് നടക്കുവാന്‍ പോകുന്ന വെബിനാറിനെക്കുറിച്ചറിയിച്ചു. വാക്കുകള്‍ക്കുപരിയായി പ്രവര്‍ത്തനത്തിലാണ് കീന്‍ ശ്രദ്ധിയ്ക്കുന്നതെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജി.ഗ്രിഗറി അഭിപ്രായപ്പെട്ടു. 100 ലധികം കുടുംബങ്ങള്‍ക്ക് തണലേകിക്കൊണ്ട് കീന്‍ ഇന്ന് കേരളത്തില്‍ തലയെടുപ്പോടെ സ്കോളര്‍ഷിപ്പ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിയ്ക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീന്‍ സ്കോളര്‍ഷിപ്പിന്റെ മേല്‍നോട്ടം വഹിയ്ക്കുന്ന മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് അംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും കീനിന്റെ മഹത്തായ ഈ സേവനത്തിന്റെ ഭാഗമായി മാറുവാന്‍ ആഹ്വാനം ചെയ്തു.

കീന്‍ മിഷന്‍ ആന്റ് വിഷന്‍ കൂട്ടിയിണക്കിക്കൊണ്ട് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അയവിറക്കത്തക്ക രീതിയില്‍ നോബിള്‍ വര്‍ഗ്ഗീസ് നടത്തിയ അവതരണം പ്രത്യേക ശ്ര്ദ്ധയാകര്‍ഷിച്ചു. കേരള എന്‍ജിനിയറിംഗ് കോളേജുകളില്‍ നടത്തുന്ന മെന്‍ഡറിംഗ് പരിപാടികള്‍ ചിത്ര സംയോജനത്തോടെ അദ്ദേഹം കോര്‍ത്തിണക്കി അവതരിപ്പിച്ചു. പ്രൊഫഷ്ണല്‍ രംഗത്ത് അമേരിയ്ക്കയിലും, കേരളത്തിലും തലയുയര്‍ത്തി നില്‍ക്കുന്ന കീനിന്റെ അംഗമായി മാറി, അഭിമാനം കൊള്ളേണ്ടതിന്റെ ആവശ്യക്തയെപ്പറ്റി നീന സുധീറും, ദീപു വര്‍ഗ്ഗീസും സദസ്യരെ ബോധവാന്‍മാരാക്കി.

എന്‍ജിനീയര്‍ ഓഫ് ദ ഈയറായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫിനെ മുന്‍ പ്രസിഡന്റ് ജയ്സണ്‍ അലക്സ് സദസ്യര്‍ക്ക് പരിചയപ്പെടുത്തി. യു.എസ്.എനര്‍ജി, ഡിഫെന്‍സ് ഡിപ്പാര്‍ട്ടുമെന്റുകളിലും, ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി കണ്‍സള്‍ട്ടന്റായും സേവനം ചെയ്യുന്ന തോമസിന്റെ നേട്ടങ്ങളും, പ്രവര്‍ത്തനങ്ങളും ജയ്സണ്‍ സദസ്യരെ അറിയിച്ചു. പത്മശ്രീ സോമസുന്ദരന്‍ അവാര്‍ഡുദാനം നിര്‍വ്വഹിച്ചപ്പോള്‍, സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആദരാശംസകള്‍ അര്‍പ്പിച്ച നിമിഷം അതിമനോഹരമായിരുന്നു. കീനിന്റെ പ്രവര്‍ത്തനങ്ങളെ അത്യധികം പ്രശംസിച്ച തോമസ്, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. അമേരിയ്ക്കന്‍ സ്ക്കൂളുകളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും, അവാര്‍ഡ് ദാനവും തദവസരത്തില്‍ നടത്തുകയുണ്ടായി.

മുന്‍ പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ് കീനിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിച്ചു. പത്മശ്രീ സോമസുന്ദരനെ പരിചയപ്പെടുത്തിയ മുന്‍ പ്രസിഡന്റ് പ്രീതാ നമ്പ്യാര്‍, കീനിന്റെ തുടക്കം മുതല്‍ കൂടെ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രധാന അതിഥിയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു. ലിസ്സി ഫിലിപ്പ് റാഫിളിന് നേതൃത്വം നല്‍കി. തഹസീനെ കൂടാതെ സുമാ നായര്‍, ശബരി, ജിനു, സോമി, മനോജ് അലക്സ്, റെബേക്ക, മീര ജയിംസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചും, മാലി നായര്‍ ഗ്രൂപ്പും, എലീന ഗ്രൂപ്പും നൃത്തങ്ങള്‍ ചെയ്തും കുടുംബ സംഗമത്തിനൊരു ആഘോഷപ്പൊലിമ ചാര്‍ത്തി. മെറി ജേക്കബിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള സ്റ്റേജു നിയന്ത്രണം മികവുറ്റതായിരുന്നു. വൈസ് പ്രസിഡന്റിന്റെ നന്ദി പ്രകാശനത്തിലൂടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കുക www.keanusa.org