ശബരിമലയിലെ സ്ത്രീപ്രവേശനം: നിലവിലെ ആചാരം പാലിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് നിലവിലെ നിയമം അതേപടി പാലിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. നിലവിലെ നിയമം ലംഘിച്ച് ആരെങ്കിലും കടന്നുകൂടാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ ഇന്നലെ ആചാരം ലംഘിച്ച് 31 കാരി ദര്‍ശനത്തിനെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന. നിലവില്‍ പത്ത് വയസിനും അന്‍പത് വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. പമ്പയില്‍ ദേവസ്വം ഗാര്‍ഡുകളും വനിതാ പൊലിസും പരിശോധിച്ചാണ് സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിക്കാറുള്ളത്.എന്നാല്‍ ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് ആന്ധ്രാസ്വദേശിയായ യുവതി ശബരിമല ദര്‍ശനത്തിനെത്തിയത്.