വിട, കാര്‍ലോസ് ആല്‍ബെര്‍ട്ടോ

ബ്രസീല്‍ ഫുട്ബാളിലെ സുവര്‍ണ സംഘത്തിന്റെ പടനായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയോ ഡി ജനീറോയില്‍ ആയിരുന്നു അന്ത്യം. 1970 ലോകകപ്പ് ചാമ്പ്യന്‍ ടീമിന്റെ നായകനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോ.

ഇടതുവിങ്ങില്‍നിന്ന് ജഴ്‌സീന്യോ നല്കിയ പാസ് സ്വീകരിക്കുമ്പോള്‍ പെലെയ്ക്ക് മുന്നില്‍ കോട്ടതീര്‍ത്ത് മൂന്ന് ഇറ്റലിക്കാര്‍. ബോക്‌സിലേക്ക് വെട്ടിയൊഴിഞ്ഞു കയറുന്നതിന് പകരം പെലെ വലതുഭാഗത്തേക്ക് പന്ത് മറിച്ചു നല്‍കി. വലതു വിങ്ങിലൂടെ കൊടുങ്കാറ്റു പോലെ കുതിച്ചുകരികയായിരുന്ന കാര്‍ലോസ് പന്ത് ശരവേഗതയില്‍ വലയിലേക്ക് അടിച്ചുകയറ്റി. ആര്‍ത്തിരമ്പുന്ന ഗാലറിക്ക് അരികിലാണ് കാര്‍ലോസ് തന്റെ ഓട്ടം അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഗോള്‍.

ഈ ഗോളിലൂടെയാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ ഉടമയെന്ന പെരുമയിലേക്ക് കാര്‍ലോസ് ആല്‍ബര്‍ട്ടോ ഉയര്‍ന്നത്. ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിന്റെ 86ആം മിനുറ്റില്‍ പെലെയുടെ ക്രോസിലായിരുന്നു ആ ചരിത്ര ഗോള്‍. പെലെ, ബ്രിട്ടോ, ജെഴ്‌സീന്യോ, റിവലിന്യോ എന്നിവരടങ്ങിയ സുവര്‍ണ നിരയുടെ നായകനും അന്ന് കാര്‍ലോസ് ആല്‍ബര്‍ട്ടോ ആയിരുന്നു.

നേതൃഗുണം കൊണ്ട് ‘ദ് ക്യാപ്റ്റന്‍’ എന്ന വിളിപ്പേരിലാണ് ആല്‍ബര്‍ട്ടോ അറിയപ്പെട്ടിരുന്നത്. 1963ല്‍ ഫ്‌ളുമിനിസെയിലൂടെയായിരുന്നു കാര്‍ലോസ് ആല്‍ബര്‍ട്ടോ പ്രഫഷനല്‍ ഫുട്ബാളില്‍ തുടക്കം കുറിച്ചത്. 13 വര്‍ഷം ബ്രസീലിനു വേണ്ടി മഞ്ഞക്കുപ്പായമണിഞ്ഞ കാര്‍ലോസ് ആല്‍ബര്‍ട്ടോ ഇന്നും ലോകഫുട്ബാളിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായി എണ്ണപ്പെടുന്നത്.

ബ്രസീല്‍ ജഴ്‌സി അഴിച്ച ശേഷം ന്യൂയോര്‍ക്ക് കോസ്‌മോസ്, കാലിഫോര്‍ണിയ സര്‍ഫി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും പന്തുതട്ടി. തുടര്‍ന്ന് ഫ്‌ളാമെങ്കോ, കൊറിന്ത്യന്‍സ്് തുടങ്ങി 14ഓളം ക്ലബ്ബുകളുടെയും ഒമാന്‍, അസര്‍ബൈജാന്‍ ദേശീയ ടീമുകളുടെയും പരിശീലകനായി. 20ആം നൂറ്റാണ്ടിലെ ലോക ടീമില്‍ ഇടംനേടിയ കാര്‍ലോസ് ആല്‍ബര്‍ട്ടോ, 2004ല്‍ ഫിഫയുടെ മികച്ച 100 ഫുട്‌ബോളര്‍മാരുടെ പട്ടികയിലും ഇടംനേടി. 2014 ബ്രസീല്‍ ലോകകപ്പിന്റെ ആറ് അംബാസഡര്‍മാരില്‍ ഒരാളായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോ.