ഐഎസ്എല്ലില്‍ നിന്നും സ്പാനിഷ് ലാ ലീഗയിലേക്കൊരു മലപ്പുറത്തുകാരന്റെ ലോങ് ഷോട്ട്

ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റേയും ഐഎസ്എല്ലില്‍ പൂനെ സിറ്റി എഫ്‌സിയുടേയും താരമായ ആഷിഖ് കുരുനിയന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളാണ്. കാല്‍പ്പന്ത് തട്ടാന്‍ തുടങ്ങിയ കാലം തൊട്ട് ഏതൊരു പയ്യന്റേയും മനസ്സിലേക്ക് ചേക്കേറുന്ന മോഹമാണ് ഇതിഹാസങ്ങള്‍ പന്ത് തട്ടുന്ന യൂറോപ്പ്യന്‍ ലീഗുകളില്‍ കളിക്കുക എന്നത്. മലപ്പുറത്ത്കാരനായാല്‍ ആ മോഹത്തിന്റെ തീവ്രത ഇത്തിരി കൂടുകയും ചെയ്യും. മെസിയും നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം കളം വാഴുന്ന സ്പാനിഷ് ലാ ലീഗയില്‍ കളിക്കാനൊരുങ്ങുകയാണ് മലപ്പുറത്തുകാരനായ ആഷിഖ്.

ലാ ലീഗ ടീമായ വിയ്യാ റയല്‍ പൂനെ സിറ്റി എഫ്‌സിയില്‍ നിന്നും ആഷിഖിനെ കടം വാങ്ങിയിരിക്കുകയാണ്. മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിയാണ് ആഷിഖ്. രണ്ടര മാസത്തേക്കാണ് പൂനെയില്‍ നിന്നും ആഷിഖിനെ വിയ്യാ റയല്‍ കടം വാങ്ങിയിരിക്കുന്നത്. പൂനെ സിറ്റി എഫ്‌സിയുടെ ടീം അംഗമാണെങ്കിലും ടീമിനായി മത്സരത്തിന് ഇറങ്ങാന്‍ ആഷിഖിന് ഇതുവരേയും സാധിച്ചിട്ടില്ല. ഐ ലീഗ് ക്ലബ്ബായ പൂനെ എഫ്‌സിയുടെ അക്കാദമിയിലാണ് ആഷിഖ് കളി പഠിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ ഡല്‍ഹി ഡൈനാമോസിലേക്ക് ചേക്കാറാന്‍ ആഷിഖ് ഒരുങ്ങിയതായിരുന്നു, പിന്നീട് അക്കദമിയെ പൂനെ സിറ്റി എഫ്‌സി ഏറ്റെടുത്തതോടെ ആഷിഖ് ടീമില്‍ തുടരുകയായിരുന്നു.

പൂനെ എഫ്‌സിയുടെ അണ്ടര്‍-19 ടീമിലെ മിഡ്ഫീല്‍ഡറായ ആഷിഖ് മുന്നേറ്റത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 2015 ല്‍ പൂനെയെ അണ്ടര്‍-19 ലീഗില്‍ ഫൈനലില്‍ എത്തിച്ചതില്‍ ആഷിഖിന് വലിയ പങ്കുണ്ടായിരുന്നു. അതോടെയാണ് ആഷിഖ് ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നതും ദേശീയ ടീമിലേക്കുള്ള വിളി വരുന്നതും. ഒക്ടോബര്‍ 31 ഓടുകൂടി ഈ മലപ്പുറത്തുകാരന്‍ വിയ്യാ റയലിനൊപ്പം ചേരും. നേരിട്ട് ടീമിനായി കളിക്കാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ അതൊരു ചരിത്ര നിമിഷമായിരിക്കും.

ലാ ലീഗയില്‍ ഉജ്ജ്വല തുടക്കം കുറിച്ച വില്ലാ റയല്‍ പോയന്റ് പട്ടികയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഉള്ളത്. സ്പാനിഷ് ലീഗില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ആഷിഖ്. സ്‌പെയിനിലെ പ്രമുഖ ക്ലബ്ബായ ലേഗന്‍സിലേക്ക് ഇന്ത്യക്കാരനായ ഇഷാന്‍ പണ്ഡിറ്റയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുന്‍പ്‌ വിളിവന്നിരുന്നു.