പമ്പ കരകവിഞ്ഞു:ശബരിമല യാത്ര ദുഷ്ക്കരം

പത്തനംതിട്ട: കനത്ത മഴയും കാറ്റും ശബരിമല തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും  കനത്ത കാറ്റു വീശി. വാവര്‍നട, ശബരീപീഠം, മരക്കൂട്ടം എന്നിവിടങ്ങളില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണു.പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള നിരവധി താല്‍ക്കാലിക ഷെഡുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. ശക്തമായ മഴയും കാറ്റും മുലം തുറസായ സ്ഥലങ്ങളില്‍ വിരിവെച്ചിരുന്ന ഭക്തര്‍ സുരക്ഷിതമായ ഇടംതേടി നെട്ടോട്ടമോടി. വാവര്‍ നടയ്ക്കു സമീപം മരക്കൊമ്പു വീണ് തീര്‍ത്ഥാടകന് ചെറിയ പരിക്കേറ്റു. ആലപ്പുഴ ആര്യാട് സൗത്ത് കല്ലൂച്ചിറ വീട്ടില്‍ ദീപേഷി (37)നാണ് പരിക്കേറ്റത്.

പമ്പാനദി കരകവിഞ്ഞതോടെ പമ്പത്രിവേണിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെള്ളം കയറി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കി. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.