മോദിക്ക് പ്രശംസയുമായി പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

മോദിയുടേത് സമാനതകളില്ലാത്ത നടപടിയെന്ന് ഗീതഗോപിനാഥ്

മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്. 500, 1000 നോട്ടുകളുടെ പിന്‍വലിക്കല്‍ രാജ്യത്തെ 85 ശതമാനത്തോളം പണ ചംക്രമണത്തെ ബാധിച്ചെങ്കിലും ഇത് മോഡിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്ന്, ഒരു ധനശാസ്ത്ര പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ ഗീതാ ഗോപിനാഥ് പ്രകീര്‍ത്തിക്കുന്നു. നോട്ടുപിന്‍വലിക്കലിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം, മോദിയെ പ്രശംസിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. ഈ ധീരമായ നടപടിക്ക് പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന് അവര്‍ വാദിക്കുന്നു. ധൃതി പിടിച്ചുള്ള പിന്‍മാറ്റത്തിനു പകരം, സമയമെടുത്തുള്ള ധനകാര്യ ഇടപെടല്‍ ആയിരുന്നെങ്കില്‍ ഇത്രയും പരിഭ്രാന്തിയും രോഷവും ഉണ്ടാകില്ലായിരുന്നെന്നും ഈ പുതിയ സാമ്പത്തിക ക്രമീകരണത്തിന് ഇത്രയും വില കൊടുക്കേണ്ടി വരികയില്ലായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

സംസ്ഥാനസര്‍ക്കാരും മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നയത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ ഉപദേഷ്ടാവ് മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തുവന്നത് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക നയത്തിന് എതിരായിട്ടുള്ള ഈ അഭിപ്രായപ്രകടനത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ സി.പി.എം നേതൃത്വം കുഴങ്ങുകയാണ്.
ഈ നോട്ട് പിന്‍വലിക്കല്‍ നടപ്പിലായിക്കഴിയുമ്പഴേക്കും റിയല്‍ എസ്റ്റേറ്റിന്റെ വില ഗണ്യമായി കുറയും. പാവപ്പെട്ടവര്‍ക്ക് ഭവന പദ്ധതികള്‍ നടപ്പിലാക്കാന്‍ വളരെ വേഗം കഴിയും. കള്ളപ്പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്ന പ്രവണതയ്ക്ക് കുറവുണ്ടാകുമെന്നും ഗീതയുടെ ലേഖനത്തില്‍ പറയുന്നു.
സമൂഹത്തില്‍ നടക്കുന്ന എല്ലാത്തരം കൊള്ളരുതായ്മകളെയും ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അക്കൂട്ടത്തില്‍ കള്ളപ്പണക്കാരും അഴിമതിക്കാരും പൂഴ്ത്തിവെപ്പുകാരും എല്ലാവരും പെടുമെന്ന് ഗീതാ ഗോപിനാഥ് എഴുതിയ ഡിമോണീറ്റൈസേഷന്‍ ഡൂസ് ആന്റ് ഡോണ്ട്‌സ് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാസശമ്പളക്കാരും പാവപ്പെട്ടവരും മോദി സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാര്‍ സമ്പാദിച്ചുകൂട്ടിയ കള്ളപ്പണക്കാരെ പിടിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ സന്തോഷത്തോടെയാണ് കാണുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.
ലേഖനത്തില്‍ ഉടനീളം മോദിയെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. സമാനതകളില്ലാത്ത ധീരമായ നടപടിയെന്നാണ് ഗീതാഗോപിനാഥ് വിശേഷിപ്പിച്ചിരിക്കുന്നത്.