സ്ത്രീകളായ ഡോക്ടര്‍മാര്‍ ജോലിസ്ഥലങ്ങളില്‍ ലൈംഗിക ചൂഷണത്തിന്റെ ഇരകളാണെന്ന് ഐ എം ഓ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്ത്രീകളായ ഡോക്ടര്‍മാര്‍ ജോലിസ്ഥലങ്ങളില്‍ ലൈംഗിക ചൂഷണത്തിന്റെ ഇരകളാണെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നോണ്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരില്‍ അഞ്ചില്‍ ഒരാള്‍ വീതം പീഡനത്തിന്റെ ഇരകളാണെന്ന് ഐ എം ഓ പഠന റിപ്പോര്‍ട്ട് വിശദമാക്കുന്നു. അയര്‍ലന്റിലെ പൊതു- സ്വകാര്യ ആശുപത്രികളില്‍ സ്ത്രീ ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് വനിതാ ഡോക്ടര്‍മാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതിന്റെ പുറകില്‍ ലൈംഗിക ചൂഷണം പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുകയാണ് മെഡിക്കല്‍ സര്‍വേകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തൊഴിലിടങ്ങളില്‍ അപമാനിതരാകുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. പൊതു ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. സ്വകാര്യ ആശുപതികളില്‍ സ്ത്രീ ഡോക്ടര്‍മാര്‍ പരാതി ഉന്നയിച്ചാല്‍ നഷ്ടപരിഹാരം നല്‍കി പ്രശനം ഒത്തുതീര്‍ക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ലൈംഗിക അപവാദങ്ങള്‍ സ്വകാര്യ ആശുപത്രികളുടെ ഇമേജിന് കോട്ടം തട്ടിക്കുമെന്നതിനാല്‍ ഒത്തുതീര്‍പ്പിലൂടെ പ്രശനം പരിഹരിക്കുകയാണ് പതിവ്.

ലൈംഗിക അതിക്രമങ്ങള്‍ മാത്രമല്ല പലപ്പോഴും സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്നും ലൈംഗിക ചുവയുള്ള ആക്ഷേപങ്ങള്‍ക്കും അവഗണനകള്‍ക്കും സ്ത്രീ ഡോക്ടര്‍മാര്‍ ഇരകളാകുന്നു. ആരോഗ്യ പ്രവര്‍ത്തകരായ സ്ത്രീകളെ തരം താണുന്നവരായി കാണുന്ന പ്രവണതയും ഈ രംഗത്ത് സജീവമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അയര്‍ലണ്ടില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികളില്‍ 70 ശതമാനം വരെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റുന്നതിന്റെ കാരണവും മറ്റൊന്നല്ല. ശമ്പളവും ആനുകൂല്യങ്ങളും ആഗ്രഹിച്ച് കുടിയേറുന്നവര്‍ വെറും 10 ശതമാനത്തോളം സ്ത്രീകള്‍ മാത്രമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു.

വരും വര്‍ഷങ്ങള്‍ ആരോഗ്യ വിദഗ്ധരുടെ കുറവ് ഐറിഷ് ആശുപത്രികളെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടികാണിക്കുന്ന റിപ്പോര്‍ട്ടില്‍ ലിംഗസമത്വം ഉറപ്പുവരുത്തുന്നതോടൊപ്പം ഡോക്ടര്‍മാര്‍ക്ക് സാമൂഹികമൂല്യം ഉള്‍പ്പെടുത്തികൊണ്ടുള്ള പഠനരീതികളും ആവിഷ്‌കരിക്കണമെന്നും മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഐ എം ഓ പഠന റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിക്കും  കൈമാറിയിട്ടുണ്ട്.