യൂറോപ്പിലെ മുസ്ലിം ജനസംഖ്യ20 വര്‍ഷംകൊണ്ട് മൂന്നിരട്ടിയാകും

യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 20 വര്‍ഷംകൊണ്ട് മൂന്നിരട്ടി വര്‍ധിക്കുമെന്ന് ഗവേഷകരുടെ വാക്കുകള്‍. യുകെയില്‍ മാത്രം 2016 ലെ 6.3 ശതമാനത്തില്‍ നിന്നും (41 ലക്ഷം) 16.7 (ഒരു കോടി 30 ലക്ഷം ) ശതമാനമായി കൂടുമെന്നാണ് റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്ററാണ് പഠന വിവരം പുറത്ത് വിട്ടത്. അടുത്ത വര്‍ഷങ്ങളില്‍ യൂറോപ്പ് രാജ്യങ്ങളിലെല്ലാം മുസ്ലിം ജനസംഖ്യ കൂടുമെന്നാണ് പഠനം. കഴിഞ്ഞ വര്‍ഷം 4.9 ശതമാനമായിരുന്ന (രണ്ട് കോടി 49 ലക്ഷം ) യൂറോപ്പിലെ മൊത്തം മുസ്ലിം ജനസംഖ്യ 2050 ഓടെ 7.4 ശതമാനമായി വര്‍ദ്ധിക്കും.

ഇപ്പോഴത്തെ നിലയിലുള്ള കുടിയേറ്റവും ജനസംഖ്യ വര്‍ധനവും തുടര്‍ന്നാലാണ് മുസ്ലീങ്ങളുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിക്കുക. യൂറോപ്പിലേക്ക് ജോലി സംബന്ധമായി കുടിയേറുന്നവരുടെ പ്രധാന ലക്ഷ്യം ബ്രിട്ടനായതുകൊണ്ടാണ് ജനസംഖ്യയില്‍ ഈ രീതിയിലുള്ള വര്‍ധന വരാന്‍ കാരണം. എന്നാല്‍, അഭയാര്‍ഥികളുടെ പ്രധാന ലക്ഷ്യം ജര്‍മനിയാണെന്നും ഗവേഷകര്‍ പറയുന്നു. സിറിയയയില്‍നിന്നും മറ്റ് മുസ്ലിം രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥിപ്രവാഹം ഇപ്പോഴും തുടരുന്നുണ്ട്.

കുടിയേറ്റം മാത്രമല്ല ജനസംഖ്യയിലെ ഈ മാറ്റത്തിന് കാരണം. മുസ്ലിം കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നുമുണ്ട്. ബ്രിട്ടനിലെ ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 2.9 കുട്ടികള്‍ വീതമുണ്ടെങ്കില്‍, മുസ്ലിം ഇതര സത്രീക്ക് അത് 1.8 മാത്രമാണ്. കുടിയേറ്റം എന്നന്നേക്കുമായി അവസാനിച്ചാലും മുസ്ലീങ്ങളുടെ എണ്ണത്തില്‍ മൂന്നുശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ബ്രി്ട്ടന് പുറമെ,, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും ഇത് ബാധകമാണ്.


അഭയാര്‍ഥി വരവ് നിലയ്ക്കുകയും കുടിയേറ്റം ഇപ്പോഴത്തെ രീതിയില്‍ തുടരുകയും ചെയ്താല്‍, യൂറോപ്യന്‍ യൂണിയനില്‍ മുസ്ലീങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ ബ്രിട്ടനായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

മുസ്ലിം ജനസംഖ്യ 13 ദശലക്ഷത്തിലെത്തുമ്പോള്‍ അത് ബ്രിട്ടനിലെ ആകകെ ജനസംഖ്യയുടെ 16.7 ശതമാനമാകും. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ളത് ജര്‍മനിയിലാണ്. ഫ്രാന്‍സ് രണ്ടാമതും ബ്രിട്ടന്‍ മൂന്നാമതുമാണ്. അടുത്തകാലത്തുണ്ടായ അഭയാര്‍ഥി പ്രവാഹത്തില്‍ ബ്രിട്ടനിലെത്തിയത് 60,000 പേരാണ്. എന്നാല്‍, സമീപവര്‍ഷങ്ങളിലായി 1.5 ദശലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 2010-നും 2016-നും മധ്യേ ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരില്‍ 43 ശതമാനം മുസ്ലീങ്ങളാണ്.