ഗൂണ്ടാപ്രവര്‍ത്തനം നടത്തിയ ഏരിയാ സെക്രട്ടറിക്ക് എതിരെ ജാമ്യമില്ലാ കേസ്; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം

കൊച്ചി: സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറി വിഎം സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ട് പോകലിനും തടഞ്ഞുവെക്കലിനുമാണ് കേസെടുത്തിരിക്കുന്നത്. വെണ്‍മല സ്വദേശിനിയായ ജൂബി പൗലോസ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

ജൂബി പൗലോസ്, ഷീലാ തോമസ് എന്നിവര്‍ കൂട്ടായി വെണ്‍മലയില്‍ പാല്‍ കയറ്റുതി ചെയ്യുന്ന ഒരു സ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്ത്. ഇരുവരും നടത്തിയിരുന്ന സ്ഥാപനം മുന്നോട്ട് നടത്താനുള്ള അനുമതി കോടതി ജൂബി പൗലോസിന് നല്‍കിയിരുന്നു. എന്നാല്‍ സ്ഥാപനച്ചുമതല ഷീലയ്ക്ക് നല്‍കണം എന്നാവശ്യപ്പെട്ട് സക്കീര്‍ ജൂബിയെ ഭീഷണിപ്പെടുത്തുകയും ആവശ്യം നിരാകരിച്ചപ്പോള്‍ തട്ടിക്കൊണ്ട് പോവുകയും ചെയ്തതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ബിസിനസ് പങ്കാളിയുടെ മകനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഷിഫാ അല്‍ ജസീറ ഉടമ ഡോ കെടി മുഹമ്മദ് റബീയുള്ളയില്‍നിന്ന് സക്കീര്‍ ഒരു കോടി രൂപ വാങ്ങിയെന്ന ആരോപണം നേരത്തേ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ സക്കീറിനെതിരെ കളമശേരിയില്‍ വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ സംരംഭകയുടെ പക്കല്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദിഖ് സക്കീര്‍ ഹുസൈന്റെ വലംകൈയാണെന്ന് ആരോപണമുണ്ട്.