പരമ്പര വിജയത്തിന് ഇന്ത്യയ്ക്ക് വേണ്ടത് 261 റണ്‍സ്

റാഞ്ചി: മികച്ച തുടക്കം ലഭിച്ചിട്ടും സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ പോയ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടി. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 84 പന്തില്‍ നിന്നും നേടിയ 72 റണ്‍സാണ് ന്യൂസിലന്‍ഡ് സ്‌കോറിങ്ങിന്റെ നെടുംതൂണായത്.

റാഞ്ചിയിലെ ഫഌറ്റ് പിച്ചില്‍ തുടക്കം മുതല്‍ക്കെ ആക്രമണമായിരുന്നു ന്യൂസിലന്‍ഡ് ലക്ഷ്യം വെച്ചത്. രണ്ടാം ഓവറില്‍ ധവാല്‍ കുല്‍ക്കര്‍ണിയെ മൂന്ന് തവണ ബൗണ്ടറി പായിച്ച് ഗുപ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു ഭാഗത്ത് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ തകര്‍ത്ത് മുന്നേറിയപ്പോള്‍, മറുഭാഗത്ത് നിലയുറപ്പിച്ച ലാതാം സ്‌കോറിങ്ങിന്റെ വേഗം നിയന്ത്രിച്ചു. 16 ആം ഓവറില്‍ അക്‌സര്‍ പട്ടേലിനെ പറത്താന്‍ ശ്രമിച്ച ലതാമിന് പിഴച്ചപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. സ്വീപ് ഷോട്ടിന് ശ്രമിച്ച ലതാം, രഹാനെയുടെ കൈകളില്‍ ഒതുങ്ങി. എന്നാല്‍ പങ്കാളിയെ നഷ്ടപ്പെട്ട മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ആക്രമണശൈലി കൈവിട്ടില്ല. തത്ഫലമായി 25 ആം ഓവറില്‍ 138 എന്ന ശക്തമായ സ്‌കോറില്‍ ന്യൂസിലന്‍ഡ് എത്തുകയായിരുന്നു.

പക്ഷെ, ന്യൂസിലന്‍ഡിന് മേല്‍ കടിഞ്ഞാണിട്ട് കൊണ്ട് ഹാര്‍ദ്ദിക് പാണ്ഡ്യ രംഗത്തെത്തിയപ്പോള്‍, മാര്‍ട്ടിന്‍ ഗുപ്റ്റിലിന് പിഴച്ചു. പാണ്ഡ്യയുടെ ഇന്‍സ്വിങ്ങര്‍ പന്തില്‍ ഗുപ്റ്റില്‍ ധോണിയുടെ കൈകളില്‍ എത്തി. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് പിന്നീട് റോസ് ടെയ്‌ലര്‍- വില്യംസണ്‍ സഖ്യത്തിന്റെ പിന്‍ബലത്തില്‍ സ്‌കോറിങ്ങിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ഇടവേളകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോട ന്യൂസിലന്‍ഡിന്റെ റണ്‍റേറ്റ് കുറഞ്ഞു. 35 ആം ഓവറില്‍ അമിത് മിശ്രയിലൂടെ ഇന്ത്യ വീണ്ടും തിരിച്ചടിച്ചതോടെ ന്യൂസിലന്‍ഡ് ഒരല്‍പം പതറി. അമിത് മിശ്രയെ ആക്രമിക്കാന്‍ ശ്രമിച്ച വില്യംസണിനെ ധോണി കൈകളില്‍ ഒതുക്കി. പിന്നാലെ, 38 ആം ഓവറിലും അമിത് മിശ്ര ന്യൂസിലന്‍ഡ് നിരയെ ഇളക്കിയതോടെ സ്‌കോറിങ്ങിനെ മുന്നോട്ട് കൊണ്ട് പോകാന്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു.

43 ആം ഓവറില്‍ ന്യൂസിലന്‍ഡ് 217 ല്‍ നില്‍ക്കെ, വാട്ട്‌ലിങ്ങിനെ വീഴ്ത്തി ധവാല്‍ കുല്‍ക്കര്‍ണിയും വിക്കറ്റ് വേട്ടയില്‍ പങ്ക് ചേര്‍ന്നു. തുടര്‍ന്ന് 46 ആം ഓവറില്‍ ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റോസ് ടെയ്‌ലറും മടങ്ങുകയായിരുന്നു.