സംസ്ഥാന ജീവനക്കാരുടെ ശമ്പളം ഒരുമിച്ച് പിന്‍വലിക്കാന്‍ അനുമതിയില്ല

ശമ്പളവും പെന്‍ഷനും ബാങ്കില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. അതായത് ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 എന്നുള്ളത് മാറ്റി. മുഴുവന്‍ ശമ്പളവും പൂര്‍ണ്ണമായി പിന്‍വലിക്കാനുള്ള അനുമതി തേടിക്കൊണ്ട് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്ത് അയച്ചിരുന്നു. ഇതിന് അനുമതി നല്‍കാന്‍ ആകില്ലെന്ന കാണിച്ചുകൊണ്ട് അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേരളത്തിലെ ആറുലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നവംബറിലെ ശമ്പളവും പെന്‍ഷനും ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ നല്‍കും. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പരിധി 24,000 രൂപയാണ്. നിത്യ ജീവിതത്തിനും, വാടക, വായ്പ അടവ്, കടംവീട്ടല്‍, സ്‌കൂള്‍ ഫീസ് എന്നിവ നല്‍കാനാകാതെ ജീവനക്കാര്‍ വലയുമെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. പക്ഷേ ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.