നോട്ട് ക്ഷാമത്തിനിടയിലും ശബരിമല വരുമാനത്തില്‍ മൂന്നുകോടിയുടെ വര്‍ദ്ധന

നോട്ട് നിരോധത്തിനിടയിലും ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ 2.70 കോടിയുടെ വര്‍ദ്ധന. തീര്‍ത്ഥാടന കാലം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടപ്പോഴത്തെ കണക്കാണിത്. കഴിഞ്ഞ ഇതേസമയത്ത് 199529458 രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 226619854 രൂപയാണ് വരവ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 27090396 രൂപയുടെ വര്‍ദ്ധന.
കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 19.95 കോടി രൂപയായിരുന്നു മൊത്തം നടവരവ്. ഇത്തവണ അത് 22.66 കോടി രൂപയായി. അരവണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 6.5 കോടിയില്‍ നിന്ന് 8.8 കോടിയായി വര്‍ധിച്ചു. ഭണ്ഡാര വരവ് 7.2 കോടി രൂപയില്‍ നിന്ന് 8.3 കോടി രൂപയായും അപ്പം വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 1.46 കോടിയില്‍ നിന്ന് 1.79 കോടി രൂപയായും വര്‍ധിച്ചു.നോട്ട് പ്രതിസന്ധി മറികടക്കാന്‍ ഇ-കാണിക്ക ഉള്‍പ്പെടെ എല്ലായിടത്തും കാര്‍ഡ് പേയ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയതായി ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍ പറഞ്ഞു.
ചില്ലറ ക്ഷാമം ഒഴിവാക്കാന്‍ 2000 രൂപയുടെയും 500 രൂപയുടെയും പ്രസാദകിറ്റുകളും തയാറാക്കിയിട്ടുണ്ട്. പഴയ നോട്ടുകള്‍ മാറാനുള്ള ധനലക്ഷ്മി ബാങ്കിന്റെ കൗണ്ടറുകളുടെ എണ്ണം രണ്ടായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ അറിയിച്ചു. ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ 15 ശതമാനത്തിലധികം വര്‍ധന വന്നതായും ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതും സുഗമ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതു മൂലവുമാണ് തിരക്ക് അനുഭവപ്പെടാത്തതെന്നും അജയ് തറയില്‍ ചൂണ്ടിക്കാട്ടി.