അഹമ്മദാബാദ് : ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചുമതലയേറ്റു. ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്‌ലി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് വിജയ് രൂപാണി മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്തായിരുന്നു ചടങ്ങ്.രാജ്കോട്ട് വെസ്റ്റില്‍ നിന്നും ജയിച്ച വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. മെഹ്സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍. ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡിന്റെ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കഴിഞ്ഞമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേരും സ്പീക്കറും രണ്ടു ഡസനോളം എം.എല്‍.എമാരുമുള്‍പ്പെടെ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ പുതുമുഖങ്ങളാകും മന്ത്രിസഭയിലധികവും. ആകെ 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിലുളളത്.
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മോദി അമിത് ഷാ അച്ചുതണ്ടുമായുള്ള അടുത്ത ബന്ധം, ആര്‍ എസ് എസിന്‍റെ ശക്തമായ പിന്തുണ, പ്രദേശിക നേതാക്കളെയും സമുദായങ്ങളെയും ഒപ്പം നിര്‍ത്താനുള്ള കൗശലം എന്നിവയാണ് രൂപാണിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവസരമൊരുക്കിയത്.