മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന സംശയം ശക്തം

സോമൻ

കോഴിക്കോട്‌: പൊലീസ്‌ വെടിയേറ്റ്‌ രണ്ട്‌ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട നിലമ്പൂർ കരുളായി വനമേഖലയിൽ ഇതിന്‌ മുമ്പ്‌ ഏറ്റുമുട്ടലുണ്ടായത്‌ കഴിഞ്ഞ ഫെബ്രുവരി 25ന്‌. ഉൾവനത്തിൽ മാവോയിസ്റ്റുകളും പൊലീസ്‌ കമാൻഡോകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി എന്നാണ്‌ വാർത്ത പുറത്തുവന്നത്‌. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമൻ, വിക്രം ഗൗഡ, ശ്രീമതി എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചിരുന്നു.
മുപ്പത്‌ മീറ്ററോളം അടുത്തെത്തിയ മാവോയിസ്റ്റുകൾ തണ്ടർബോൾട്ടിന്‌ നേരെ വെടിയുതിർക്കുകയായിരുന്നുവത്രെ. തിരികെ വെടിയുതിർക്കാൻ പൊലീസ്‌ സുരക്ഷിത സ്ഥാനം തേടുന്നതിനിടെ മൂന്ന്‌ മാവോയിസ്റ്റുകളും രക്ഷപ്പെട്ടു എന്നതായിരുന്നു അന്ന്‌ പൊലീസ്‌ നൽകിയ വാർത്ത.
കഴിഞ്ഞ വർഷം ഡിസംബറിലും നിലമ്പൂരിൽ വെച്ച്‌ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയെന്നും വാർത്ത വന്നു. ഒക്ടോബറിൽ അട്ടപ്പാടിയിൽ വെച്ച്‌ പൊലീസിന്‌ നേരെ വെടിയുതിർത്ത സോമനും സുന്ദരിയും ഈ സംഘത്തിലുമുണ്ടായിരുന്നെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കിയത്‌. അട്ടപ്പാടി കടുകുമണ്ണയിൽ പൊലീസിന്‌ നേരെയുണ്ടായ ഏറ്റുമുട്ടലിന്‌ നേതൃത്വം കൊടുത്തതും വയനാട്‌ സ്വദേശിയായ സോമനാണെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്‌.
കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഇത്തരം ഏറ്റുമുട്ടൽ കഥകൾ തന്നെയാണ്‌ നിലവിലെ ഏറ്റുമുട്ടൽ വാർത്ത വ്യാജമെന്ന സംശയവും ഉയർത്തുന്നത്‌. ഫോറസ്റ്റ്‌ ഓഫീസിന്‌ കുറച്ചു മാത്രം അകലെവെച്ചാണ്‌ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ടത്‌. ഇതിന്‌ മുമ്പ്‌ ഈ പ്രദേശങ്ങളിൽ വെച്ച്‌ നിരന്തരം ഏറ്റുമുട്ടലുകൾ നടന്നിട്ടും അവിടെ തന്നെ മാവോയിസ്റ്റുകൾ തമ്പടിക്കുമോ എന്ന ചോദ്യമാണ്‌ വ്യാപകമായി ഉയരുന്നത്‌.
ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടുവെന്ന്‌ പൊലീസ്‌ പറയുന്ന മാവോയിസ്റ്റ്‌ നേതാവ്‌ വയനാട്‌ സ്വദേശി സോമൻ മുമ്പ്‌ കോഴിക്കോട്ടെത്താറുണ്ടായിരുന്നു. സാഹിത്യതത്പരനായ സോമൻ നഗരത്തിലെ എഴുത്തുകാരെ കാണാൻ വേണ്ടിയായിരുന്നു ഇവിടെ നിരന്തരം എത്തിയിരുന്നത്‌. അധികം സംസാരിക്കാത്ത, എഴുത്തിനെയും എഴുത്തുകാരെയും സ്നേഹിച്ച ഒരു വ്യക്തി എന്നതിനപ്പുറം മറ്റൊന്നും സോമനെക്കുറിച്ച്‌ തോന്നിയിരുന്നില്ലെന്ന്‌ പരിചയക്കാർ വ്യക്തമാക്കുന്നു.
വയനാട്‌ കൽപ്പറ്റ നഗരത്തിനടുത്തായി ചുഴലി സ്വദേശിയാണ്‌ സോമൻ. മിൽമയുടെ പ്ലാന്റും സ്വകാര്യ റിസോർട്ടുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അധികം വാഹനങ്ങളൊന്നും കടന്നുവരാത്ത ഒരുൾപ്രദേശമായിരുന്നു മുമ്പ്‌ ചുഴലി. ഇവിടെ തങ്ങൾക്കിടയിൽ ജീവിച്ച ആ പാവം ചെറുപ്പക്കാരൻ പൊലീസ്‌ അന്വേഷിക്കുന്ന മാവോയിസ്റ്റായി വളർന്നുവെന്ന വാർത്ത ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.
പാവപ്പെട്ട കുടുംബമായിരുന്നു സോമന്റേത്‌. ലോട്ടറി വിൽപ്പനയിലൂടെയും മറ്റുമാണ്‌ അദ്ദേഹത്തിന്റെ പിതാവ്‌ ഉപജീവനം കണ്ടെത്തിയിരുന്നത്‌. സ്വന്തമായി വിവിധ പ്രസിദ്ധീകരണങ്ങൾ നടത്തിയിരുന്ന സോമൻ സാമ്പത്തിക പ്രയാസങ്ങൾ കാരണം പിന്നീട്‌ അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ഈ പ്രസിദ്ധീകരണങ്ങൾ വഴിയായിരുന്നു പ്രശസ്തരായ എഴുത്തുകാരുമായി സോമൻ പരിചയത്തിലായത്‌.
പീപ്പിൾസ്‌ ലിബറേഷന്‌ ഗറില്ല ആർമിയിൽ ചേർന്ന സോമന്‌ ആയുധ പരിശീലനം ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ്‌ പൊലീസ്‌ വ്യക്തമാക്കുന്നത്‌. 2013 മുതൽ ഇയാൾ നിലമ്പൂർ കാടുകൾ കേന്ദ്രീകരിച്ചാണത്രെ പ്രവർത്തിച്ചുവരുന്നത്‌. തങ്ങൾ നടത്തുന്ന അക്രമങ്ങൾ എല്ലാവരെയും അറിയിക്കണമെന്ന്‌ ആഗ്രഹിക്കുന്ന മാവോയിസ്റ്റുകൾ മാധ്യമപ്രവർത്തകൻ കൂടിയായ സോമൻ വഴിയാണ്‌ വാർത്തകൾ പുറത്തെത്തിക്കുന്നതെന്നും പൊലീസ്‌ വ്യക്തമാക്കുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളെജ്‌ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌.