ഡോക്ടര്‍മാരുടെ ബന്ദില്‍ വലഞ്ഞത് ആശുപത്രികളിലെത്തിയ രോഗികള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ മെഡിക്കല്‍ നയത്തിനെതിരെ ഡോക്ടര്‍മാരുടെ ബന്ദില്‍ വലഞ്ഞത് ആശുപത്രികളിലെത്തിയ രോഗികള്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പണിമുടക്കില്‍ പലയിടത്തും ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.)  രാജ്യവ്യാപകമായി ബന്ദ് നടത്തുന്നത്.
അത്യഹിത ചികിത്സാവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ബില്ലിലെ വിവാദവ്യവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഐ.എം.എ. അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കാന്‍ തിടുക്കം കാണിക്കുന്നതിനു പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം.