അച്ഛനും മകനും കാറിടിച്ച് ഗുരുതരാവസ്ഥയിലായ സംഭവം: അഭിഭാഷകന്‍ ഒളിവില്‍

ആലുവ: അമിതവേഗതയില്‍ പാഞ്ഞ കാറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും ഗുരുതരാവസ്ഥയിലായ കേസില്‍ കാര്‍ ഡ്രൈവറായ അഭിഭാഷകന്‍ പൊലീസിന് കീഴടങ്ങിയില്ല. പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും സഹപ്രവര്‍ത്തകരായ ഹൈക്കോടതിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ആലുവ ട്രാഫിക്ക് എസ്.ഐ സോണി മത്തായി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാലരയോടെ ദേശീയപാതയില്‍ കമ്പനിപ്പടിയിലാണ് അഭിഭാഷകന്‍ അലക്ഷ്യമായി ഓടിച്ച കാര്‍ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ലോറിയിലിടിച്ച് നിന്നത്. ബൈക്ക് യാത്രക്കാരായിരുന്ന കമ്പനിപ്പടി കണ്ണാടിയില്‍ മനോജ് (42), മകന്‍ സിജിന്‍ (14) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഹൈക്കോടതിയിലെ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിന്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഇവര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തില്‍ ആലുവ ട്രാഫിക് പൊലീസ് കേസെടുത്തു. അമിത വേഗതയില്‍ കാര്‍ ഓടിച്ച് അപകടം സൃഷ്ടിച്ചതിനാണ് കേസ്. അപകടമുണ്ടാക്കിയ ശേഷം രക്ഷാ പ്രവര്‍ത്തനത്തിന് നില്‍ക്കാതെ കാര്‍ ഡ്രൈവര്‍ മുങ്ങുകയായിരുന്നുവെന്ന് ട്രാഫിക്ക് എസ്.ഐ പറഞ്ഞു.
ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാരില്‍ നിന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ഇത് ബോധ്യമാകുമെന്നതിനാലാണ് പൊലീസിന് കീഴടങ്ങാതെ മുങ്ങിയതെന്നും കരുതുന്നു. അപകടമുണ്ടായ ഉടനെ കാറിന്റെ നമ്പര്‍ ബോര്‍ഡ് നീക്കാനായി ചിലരെത്തിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇത് അനുവദിച്ചില്ല. ആഡംബര കാര്‍ ട്രാഫിക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇതിനിടെ, അപകടത്തില്‍പ്പെട്ട സിജിന്റെ (14) തുടയുടെ ഭാഗം തുന്നിച്ചേര്‍ത്തു. അപകടമുണ്ടായ ശേഷം റോഡില്‍ കിടക്കുകയായിരുന്നു തുടയുടെ ഭാഗം. ആലുവ ട്രാഫിക് പൊലീസിലെ എ.എസ്.ഐമാരായ ജോര്‍ജും പോള്‍സണും ചേര്‍ന്ന് അതെടുത്ത് ഐസ് നിറച്ച പ്ലാസ്റ്റിക്ക് കവറിലാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ട് തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. റോഡിലൂടെ ഉരഞ്ഞ് കാല്‍പാദത്തിലെ മാംസവും പോയി. മനോജിന് റോഡില്‍ ഉരഞ്ഞ് ശരീരമാസകലം മുറിവുണ്ട്.