ട്രംപ് ‘ഫേക്ക് ന്യൂസ്’ അവാര്‍ഡ് പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പെടുത്തിയ വ്യാജവാര്‍ത്താ പുരസ്‌കാരം പ്രഖ്യാപിച്ചു. ട്രംപിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളാണ് ട്രംപിന്റെ വ്യാജവാര്‍ത്താ പുരസ്‌കാര പട്ടികയിലുള്ളത്. തന്റെ ട്വിറ്ററില്‍ കൂടിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുടെ പട്ടിക പുറത്തുവിട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും പട്ടികയുടെ ലിങ്ക് നല്‍കിയിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ ആളുകളുടെ തള്ളിക്കയറ്റത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റ് തകരാറിലായി.

നൊബേല്‍ പുരസ്‌കാര ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പോള്‍ ക്രുഗ്മാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ വിമര്‍ശിച്ച് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിനാണ് പുരസ്‌കാരം.

എബിസി ന്യൂസിലെ ബ്രയാന്‍ റോസിനാണ് രണ്ടാം സ്ഥാനം. ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ വിപണിയില്‍ ഇടിവുണ്ടായി എന്ന വാര്‍ത്തയാണ് ബ്രയാനൈ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

അഴിമതി നിറഞ്ഞതും സത്യസന്ധത ഇല്ലാത്തതുമായ മാധ്യമങ്ങളാണ് വിദ്വേഷം ജനിപ്പിക്കുന്നത്. നിരവധി നല്ലവരായ മാധ്യമ പ്രവര്‍ത്തകരുണ്ട്. അവരെ ബഹുമാനിക്കുന്നുവെന്ന് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.

പത്രസ്വാതന്ത്ര്യത്തിനെതിരെ സ്റ്റാലിന്റെ ഭാഷയിലാണ് ട്രംപ് പെരുമാറുന്നതെന്ന ആരോപണം റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഉന്നയിച്ചതിന് പിന്നാലെയാണ് വ്യാജവാര്‍ത്താ പുരസ്‌കാര പട്ടിക ട്രംപ് പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ