വൃദ്ധമാതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മക്കളെല്ലാം കുറ്റക്കാരെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 

തിരുവനന്തപുരം : വൃദ്ധമാതാവിനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ മകള്‍ക്കും മരുമകനുമൊപ്പം മറ്റ് മക്കളും കുറ്റക്കാരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മറവിരോഗം ബാധിച്ച പയ്യന്നൂര്‍ മാവിച്ചേരി പടിഞ്ഞാറേവീട്ടില്‍ കാര്‍ത്ത്യായനി അമ്മയെ (75) മകള്‍ ചന്ദ്രമതി മര്‍ദ്ദിച്ച സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസിന്റെ നിരീക്ഷണം.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയും ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറും ഒരു മാസത്തിനകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഡിസംബറില്‍ പരിഗണിക്കും.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, ഗാര്‍ഹികപീഡന നിരോധനം തുടങ്ങിയ നിയമങ്ങളുടെ ലംഘനങ്ങാണ് സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ ചൂണ്ടി കാണിച്ചു.
പ്രായമായ അച്ഛനന്മാരെ നോക്കാന്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യമായ ഉത്തരവാദിത്വമുണ്ട്.   ഇല്ലെങ്കില്‍ അത് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമത്തിന്റെ ലംഘനമായി മാറും. ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം സ്ത്രീകള്‍ വീട്ടിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടാല്‍ നിയമത്തിന്റെ കണ്ണില്‍ മക്കള്‍ക്ക് തുല്യ ഉത്തരവാദിത്വമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
കാര്‍ത്ത്യായനിയമ്മയെ മകള്‍ മര്‍ദ്ദിച്ച കേസില്‍ കുറ്റം തെളിഞ്ഞാല്‍ മകള്‍ക്കും മരുമകനുമൊപ്പം മറ്റ് മക്കളും ശിക്ഷിക്കപ്പെടേണ്ടതാണെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു.
വയോധികരുടെ ക്ഷേമം അന്വേഷിക്കാന്‍ സ്‌ക്വാഡ്
തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ക്ഷേമം അന്വേഷിക്കുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ സ്‌ക്വാഡുകള്‍ വീടുകളില്‍ പരിശോധന നടത്തും. പഞ്ചായത്ത് തലത്തില്‍ ഇതിനായി സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇതിനുള്ള കര്‍മ പദ്ധതികള്‍ തയ്യാറാക്കുന്നതായി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാരാമെഡിക്കല്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കും. മക്കളുണ്ടായിട്ടും യാതൊരു കാരണവുമില്ലാതെ രക്ഷിതാക്കളെ വൃദ്ധസദനത്തിലേക്ക് അയക്കുന്ന മക്കള്‍ ശിക്ഷിക്കപ്പെടേണമെന്നും മന്ത്രി പറഞ്ഞു. പ്രായമായ താമാപിതാക്കളെ നടതള്ളുന്ന മക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ക്ക് ഒരുങ്ങുന്നത്.