ജനതാദള്‍ എസില്‍ പുതിയ വിവാദം; ജില്ലാ പ്രിന്‍സിപ്പല്‍ പ്ലീഡര്‍ സ്ഥാനത്തിനായി ലേലം വിളി

പാര്‍ട്ടിക്കാരെ മറികടന്ന് സി.പി.എമ്മുകാരനെ നിയമിക്കാന്‍ വാങ്ങിയത് 20 ലക്ഷം

പത്തനംതിട്ട: ഇടതുമുന്നണി ജനതാദള്‍ എസിന് നല്‍കിയ ഏക ജില്ലാ പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം പണം വാങ്ങി സി.പി.എമ്മിന് കൈമാറിയെന്ന് പരാതി. ജില്ലാ കോടതിയില്‍ സ്വന്തമായി ഓഫീസും, കാറും ഡ്രൈവറും, പോലീസും, 80000 രുപയ്ക്ക് മുകളില്‍ ശമ്പളവുമുള്ള ഈ തസ്തികക്കായി ജില്ലാ നേതൃത്വം വന്‍തുക വാങ്ങിയെന്നാണ് ആക്ഷേപം. പത്തനംതിട്ട ജില്ലയിലെ പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനമാണ് ജനതാദള്‍-എസിന് വിട്ടുനല്‍കിയിരുന്നത്. എന്നാല്‍ ജില്ലയില്‍ യോഗ്യരായ അഭിഭാഷകര്‍ പാര്‍ട്ടിക്കില്ലെന്നു പറഞ്ഞ് പാര്‍ട്ടിക്കാരെ ഒഴിവാക്കി സി.പി.എം അനുഭാവിയായ അഭിഭാഷകനെ ഈ തസ്തികയില്‍ നിയമിക്കാനാണ് ജനതാദള്‍ എസ് ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഈ നിയമനത്തിനായി 20 ലക്ഷം രൂപവരെയായിരുന്നു ലേലം വിളിച്ചു വെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെ ജില്ലയിലെ ഒരു നിയോജക മണ്ഡലം പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി.

സി.പി.എം നേതാവ് കളിയായ അടൂര്‍ ബാറിലെ അഭിഭാഷകനെയാണ് നിലവില്‍ പ്രിന്‍സിപ്പല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിശ്ചയിച്ചിട്ടുള്ളത്. മജിസ്ട്രേറ്റ് കോടതിയില്‍ മാത്രം പ്രാക്ടീസ് ചെയ്തിട്ടുള്ള ഇദ്ദേഹത്തേക്കാള്‍ പരിചയ സമ്പത്തുള്ള പലരെയും മറികടന്നാണ് ഇയാളെ ജനതാദള്‍ നോമിനിയായി നിയമിക്കുന്നത്. പാര്‍ട്ടിയുമായി ഒരു ബന്ധവും ഇയാള്‍ക്കില്ലെന്ന് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ നേതൃത്വത്തിന് നല്‍കിയ കത്തിലുണ്ട്. ജനതാദളിന് ആളില്ലെങ്കില്‍ ഈ സ്ഥാനത്തേക്ക് വരാന്‍ സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമടക്കമുള്ള ചിലര്‍ ചരടുവലികള്‍ നടത്തിയിരുന്നു. ഇവരെയെല്ലാം വെട്ടിയാണ് പുതിയ നിയമനം. പാര്‍ട്ടി നടപടിക്കെതിരെ മന്ത്രി മാത്യു.ടി തോമസിനെ കണ്ട് ചില മുതിര്‍ന്ന നേതാക്കള്‍ പരാതി പറഞ്ഞെങ്കിലും അദ്ദേഹം പരാതി ഗൗരവമായെടുത്തില്ല.