നോട്ട് അസാധുവാക്കല്‍: കൊല്‍ക്കത്ത ചുവന്നതെരുവില്‍ ചാകര

കഴിഞ്ഞ രണ്ട് ദിവസം നിശാസുന്ദരികള്‍ ബാങ്കിലിട്ടത് 55 ലക്ഷം
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിയമപരമായി റദ്ദാക്കിയതോടെ രാജ്യത്തെ കര്‍ഷകരും ചെറുകിട കച്ചവടക്കാരും മറ്റും ബുദ്ധിമുട്ടിലായെങ്കിലും കൊല്‍ക്കത്തയിലെ ചുവന്ന തെരുവായ സോനാഗച്ചിയില്‍ നിശാസുന്ദരികള്‍ക്ക് ചാകരയാണ്. കഴിഞ്ഞ രണ്ട് ദിവസം ഇവര്‍ ഉഷ മള്‍ട്ടിപര്‍പ്പസ് കോപ്പറേറ്റീവ് ബാങ്കില്‍ 55 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇവര്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പക്ഷെ, ഈ ആഴ്ച കഴിയുമ്പോള്‍ ഈ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഇവരുടെ സംഘടനയായ ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റിയുടെ അധ്യക്ഷ ഭാരതി ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു. ബംഗാളിലുടനീളമുള്ള ഒരു ലക്ഷത്തോളം സെക്‌സ് വര്‍ക്കേഴ്‌സ് രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റി.
അതേസമയം മുന്നൂറും നാനൂറും രൂപ പ്രതിഫലം വാങ്ങുന്ന സെക്‌സ് വര്‍ക്കേഴ്‌സിനെ നോട്ട് അസാധുവാക്കല്‍ കാര്യമായി ബാധിച്ചെന്നും ഭാരതി വ്യക്തമാക്കി. കസ്റ്റമേഴ്‌സ് ആദ്യം ചോദിക്കുന്നത് അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സ്വീകരിക്കുമോ എന്നാണ്. എന്നാല്‍ നിയമംവഴി നിരോധിച്ച നോട്ടുകള്‍ വാങ്ങിയിട്ട് ബാക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ ഇടത്തരക്കാരായ സെക്‌സ് വര്‍ക്കേഴ്‌സ് ഏറെ പ്രയാസപ്പെടുന്നു. കള്ളപ്പണം കയ്യിലുള്ള പലരും ഒരുപാട് ആളുകളെ കൂട്ടി തങ്ങളെ സമീപിച്ചതായും ഇവര്‍ പറയുന്നു. മുന്നൂറ് രൂപയുടെ ബാക്കി നല്‍കാന്‍ പലപ്പോഴും ഏറെ പ്രയാസപ്പെടേണ്ടി വന്നതായും സോനാഗച്ചിയിലെ അന്തേവാസികളില്‍ ഒരാള്‍ പറഞ്ഞു.
അതേസമയം ഉഷാ ബാങ്ക് അധികൃതര്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി രേഖ എന്ന സെക്‌സ് വര്‍ക്കര്‍ വ്യയക്തമാക്കി. ലൈംഗികത വിറ്റ് ജീവിക്കാന്‍ ശേഷിയില്ലാതായ തൊഴിലാളികള്‍ ചേര്‍ന്ന് 2001ലാണ് ഉഷ മള്‍ട്ടിപര്‍പ്പസ് കോപ്പറേറ്റീവ് ബാങ്ക് രൂപീകരിച്ചത്. സാധാരണ ലൈംഗിക തൊഴിലാളികള്‍ പണം വീട്ടില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇവര്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. സാധാരണ ദിവസങ്ങളില്‍ അഞ്ച് ലക്ഷം രൂപയാണ് ബാങ്കിലെ നിക്ഷേപമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശാന്തനു പറഞ്ഞു.