ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സ്ഥാനചലനം

കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് സ്ഥാനചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും മാറ്റി. സിവില്‍ കേസുകള്‍ വാദിക്കുന്ന ബഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് സ്ഥാനമാറ്റ ഉത്തരവ് ഇറക്കിയത്. വേനലവധിക്ക് കോടതി അടയ്ക്കാനിരിക്കെയാണ് സ്ഥാനമാറ്റത്തിന് ഉത്തരവ്.

സ്ഥാനമാറ്റം സ്വഭാവിക നടപടിയെന്നാണ് വിശദീകരണം. ഷുഹൈബ് വധക്കേസിലും സഭാ കേസിലും കെമാല്‍ പാഷയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സ്ഥാനമാറ്റം.

ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയ കെമാല്‍ പാഷ കേസ് സിബിഐയ്ക്ക് വിടുകയും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കൂടാതെ കര്‍ദിനാള്‍ മാര്‍ ആലേഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിടുകയും മാര്‍ ആലഞ്ചേരിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.