സിബിഐക്ക് മൊബൈല്‍ പാസ്‌വേഡ് നല്‍കില്ലെന്ന് കാര്‍ത്തി ചിദംബരം

ന്യൂഡല്‍ഹി: സിബിഐയ്ക്ക് തന്റെ മൊബൈല്‍ പാസ്‌വേഡ് നല്‍കില്ലെന്ന് പരസ്യമായി വ്യക്തമാക്കി ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരം.

കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കാര്‍ത്തി ചിദംബരം ദേശീയ മാധ്യമമായ എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ മൊബൈല്‍ പാസ്‌വേഡ് സിബിഐക്ക് നല്‍കിയിട്ടില്ലെന്നും ഇനി കൈമാറുകയുമില്ലെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.

വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളുമുള്ള ഫോണ്‍ എന്തിനാണ് അവര്‍ക്ക് കൈമാറുന്നത് 2016 ലേതാണ് തന്റെ ഫോണ്‍. 2008ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് കേസ്. ഇവ തമ്മില്‍ ബന്ധമില്ലെന്നും കാര്‍ത്തി വ്യക്തമാക്കി.

കേസില്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം നിഷേധിച്ച കോടതി മാര്‍ച്ച് 12 വരെ കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കി. കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത്.