ബെംഗളൂരു: ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കര്‍ണ്ണാടക പിടിക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പിക്കെതിരെ സകല തന്ത്രങ്ങളും ഉപയോഗിച്ച് കോണ്‍ഗ്രസ്സ് രംഗത്ത്.
കര്‍ണ്ണാടകയില്‍ മാത്രമല്ല രാജ്യത്താകമാനം വലിയ വിവാദമായ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധകേസില്‍ ആദ്യ പ്രതി പിടിയിലായത് സര്‍ക്കാറിനെ സംബന്ധിച്ച് വലിയ നേട്ടമായിട്ടുണ്ട്.
അറസ്റ്റിലായ വ്യക്തി ഹിന്ദു യുവസേന പ്രവര്‍ത്തകനാണ്. സംഘപരിവാറിനെതിരെ ഈ സംഭവം പരമാവധി പ്രയോജനപ്പെടുത്തുകയാണിപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഘടകം.
അറസ്റ്റിലായ നവീന്‍കുമാറിനെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.
സെപ്തംബര്‍ 5ന് രാത്രി എട്ടുമണിയോടെയാണ് ഗൗരി ലങ്കേഷിനെ കാറില്‍ നിന്ന് ഇറങ്ങവെ അക്രമികള്‍ വെടിവെച്ച് കൊന്നിരുന്നത്.
സംഭവം നടന്ന് നിരവധി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പറ്റാത്തത് സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് തിരിച്ചടിയായിരുന്നു.
ഹിന്ദു തീവ്രവാദികള്‍ക്കെതിരെ ഭരണപക്ഷം ആക്ഷേപങ്ങള്‍ ചൊരിഞ്ഞപ്പോള്‍ എന്നാല്‍ എന്തു കൊണ്ട് പിടിക്കുന്നില്ലന്നായിരുന്നു ബി.ജെ.പി തിരിച്ച് ചോദിച്ചിരുന്നത്. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് വരെ ബി.ജെ.പി ആവശ്യപ്പെടുകയുണ്ടായി.
കര്‍ണ്ണാടക തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പിയ സര്‍ക്കാറിന് യാദൃശ്ചികമായി അന്വേഷണ സംഘത്തിന്റെ കയ്യില്‍ കുരുങ്ങിയ പ്രതി വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്.
സംഘപരിവാറിനെതിരായ ഗൗരി ലങ്കേഷിന്റെ കടുത്ത നിലപാടുകളാണ് അവരെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗ്ഗീയ കോമരങ്ങളെ പ്രേരിപ്പിച്ചതെന്ന് ഭരണപക്ഷ സംഘടനകള്‍ വ്യാപകമായി വീണ്ടും പ്രചരിപ്പിച്ച് വരികയാണ്.
സിദ്ധരാമയ്യ സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും. കുറ്റവാളികള്‍ രക്ഷപ്പെടില്ലന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു.
ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ മേഖലകളിലും വ്യാപകമായി പ്രചരിപ്പിച്ച് വരുന്നുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനെ മംഗളുരുവില്‍ സംഘപരിവാര്‍ തടയാന്‍ ശ്രമിച്ചത് പരാജയപ്പെടുത്തിയത് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചത് കൊണ്ടാണെന്ന് ഇടത് സ്വാധീന മേഖലകളില്‍ ചൂണ്ടിക്കാട്ടാനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയും,പോണ്ടിച്ചേരിയുമാണ് കോണ്‍ഗ്രസ്സ് ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങള്‍.
ഒരു എം.പിയുള്ള പോണ്ടിച്ചേരി കൈവിട്ട് പോയാലും 28 ലോക് സഭാ എം.പിമാരെ തിരഞ്ഞെടുക്കുന്ന കര്‍ണ്ണാടക കൈവിട്ട് പോകരുതെന്നതാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മാനം കാത്ത സംസ്ഥാനങ്ങള്‍ കേരളവും കര്‍ണ്ണാടകയും മാത്രമാണ്.
ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2019 – ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന കണക്ക് കൂട്ടലാണ് ഏത് വിധേയനേയും ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നേതാക്കളെ പ്രേരിപ്പിക്കുന്നത്.
മലയാളികളായ കെ.സി.വേണുഗോപാല്‍ എം.പിക്കും പി.സി.വിഷ്ണുനാഥിനും കര്‍ണ്ണാടകയുടെ പ്രത്യേക ചുമതല ഹൈക്കമാന്റ് നല്‍കിയിട്ടുണ്ട്.
 
            


























 
				
















