പ്രവാസിയുടെ കുന്നോളം പ്രതീക്ഷകളെ ഇങ്ങനെ തല്ലിക്കെടുത്തരുത്

ജോളി ജോളി
കുന്നോളമുള്ള പ്രതീക്ഷകള്‍ മനസിലേറ്റി കൊണ്ടാണ് ഓരോ പ്രവാസിയും നാടുകളിലേക്ക് തിരിക്കുക. കുടുംബം, വീട്, കല്ല്യാണം, കടബാധ്യത അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരവാദിത്തങ്ങള്‍.

പക്ഷെ, അതിനിടയിലേക്കാണ് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന സമുദായ പിരിവും കുടുംബക്കാരുടെ കണക്കു പറച്ചിലും. ഇതൊക്കെ പോരാതെ ഉദ്യോഗസ്ഥരുടെ വേട്ടയാടലും.എന്നാല്‍ ഇതിനെയൊക്കെ കടത്തിവെട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവാസികളുടെ ഭൂമികളില്‍ കൊടി നാട്ടിയും പിരിവ് തുടങ്ങിയിരിക്കുന്നു.
സംഭവം ഗാംഭീര്യം.
കേരളത്തില്‍ ഇന്ന് നിലവിലുള്ള വിപ്ലവ സമുദായ സോഷ്യലിസ്റ്റ് വര്‍ഗീയ പാര്‍ട്ടികളൊക്കെ തന്നെ എന്തായിരുന്നുവൊ അവരുടെ ആഗമനോദ്ദേശം അത് മറന്ന് പോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
തൊഴിലാളികളെ സംരക്ഷിക്കാന്‍ വന്ന വിപ്ലവ പാര്‍ട്ടികളും ഇന്ത്യ എന്ന സമരാവേശത്തോടെ വന്ന സ്വാതന്ത്ര്യ സമരം സ്വപ്നം പേറുന്ന പാര്‍ട്ടിയും സമുദായ സംരക്ഷണത്തിന് വന്ന സമുദായ പാര്‍ട്ടികളും ഹൈന്ദവ ദര്‍ശനങ്ങളെ സ്വപ്നം കണ്ട് വന്ന പാര്‍ട്ടികളും കേരളത്തില്‍ അധികാരത്തിനും പണത്തിനും കോഴയ്ക്കും മുബില്‍ കവാത്ത് മറന്നിരുക്കുകയാണ്.കമ്മ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസ്സെന്നോ ലീഗെന്നോ സംഘ്പരിവാറെന്നോ വ്യത്യാസമില്ലാതെയാണ് പാവങ്ങളുടെ ചുരുക്കമുള്ള ആസ്തികളില്‍ കൂടി കയ്യിട്ടു വാരുന്നത്.

ശുഐബിന്റെയും മധുവിന്റെയും കൊലപാതകങ്ങള്‍ക്കിടയില്‍ ആരാരും കേള്‍ക്കാതെ മുങ്ങിപ്പോയ ഒരു കൊലപാതകമുണ്ട് (ഒരു ആത്മഹത്യ). പുനലൂര്‍ സ്വദേശിയും പ്രവാസിയുമായിരുന്ന സുഗതന്റെ ആത്മഹത്യ.
താന്‍ കഷ്ടപ്പെട്ട് സബാദിച്ച പണം കൊണ്ട് നാട്ടില്‍ വന്ന് ഇത്തിരി പോന്ന ഭൂമിയെടുത്ത് അതില്‍ കൂനുറുബോളമുള്ള എന്തെങ്കിലും ചെറിയ കച്ചവടം ചെയ്ത് ജീവിക്കാമെന്ന മോഹത്തെയാണ് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി അനുകൂല പാര്‍ട്ടിയെന്നറിയപ്പെടുന്ന സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ പ്രവര്‍ത്തകര്‍ കൊടി നാട്ടി കരിച്ചുകളഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുബ് വയലായിരുന്നുവെന്ന് ആരോപിച്ച്‌ പരിസ്ഥിതി സൗഹൃദരായി നടിച്ച്‌ വന്ന പാര്‍ട്ടിക്കാര്‍ ആ ഭൂമിയില്‍ കൊടി നാട്ടുകയായിരുന്നു.കൊടി എടുത്ത് മാറ്റാന്‍ പരിസ്ഥിതി സൗഹൃദര്‍ ആവശ്യപ്പെട്ടത് പാര്‍ട്ടിക്ക് ലക്ഷ കണക്കിന് രൂപയുടെ സംഭാവന.
ഇതാണ് പാര്‍ട്ടിക്കാരുടെ പരിസ്ഥിതി സൗഹാര്‍ദ്ധം.

ചുറ്റുഭാഗത്തുണ്ടായിരുന്ന കുത്തക മുതലാളിമാരുടെ നികത്തിയ വയലുകള്‍ കാണാതെ കേവലം പ്രവാസിയായ സുഗതന്റെ ഭൂമി മാത്രം കണ്ട പാര്‍ട്ടിക്കാരുടെ മനസിനെയും നമിക്കണം.താന്‍ കഷ്ടപ്പെട്ട് സബാദിച്ച ഭൂമിയില്‍ തനിക്കൊന്നും ചെയ്യാനാകാതെ നിസ്സഹായവസ്ഥയില്‍ സുഗതന് മുബിലുണ്ടായിരുന്ന ഏക പോംവഴി പാര്‍ട്ടിക്കാര്‍ നാട്ടിയ കൊടിക്ക് സമീപം തന്നെ ആത്മഹത്യ എന്നതായിരുന്നു.

കേവലം സുഗതനിലും സി.പി.ഐയിലും ഒതുങ്ങുന്നില്ല സംഭവവികാസങ്ങള്‍.
പത്തനംതിട്ടയിലെ ഒരു പ്രവാസി വാങ്ങിയ ഭൂമി സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഭൂമാഫിയക്ക് വേണ്ടി കൊടി നാട്ടിയത് കേവലം ഒരു പാര്‍ട്ടിയല്ല, അച്ഛാദിന്‍ പറഞ്ഞ് വന്ന ബി.ജെ.പിയും സമുദായ സ്നേഹം പറഞ്ഞ ലീഗും തൊഴിലാളി ഐക്യം സിദ്ധാബാദ് വിളിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അടക്കമുള്ള അരഡസന്‍ പാര്‍ട്ടികളാണ്.കേവലം വോട്ടിനും സംഭാവനകള്‍ക്കും വേണ്ടി മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ ആവശ്യമുള്ളൂവെന്നും അതല്ലാതെ കോര്‍പ്പറേറ്റ് മുതലാളിമാരുടെയും മാഫിയകളുടെയും ഗുണ്ടാസംഘങ്ങളായി പ്രവര്‍ത്തിക്കുക മാത്രമേ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നുള്ളൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

പ്രവാസികളാണ് കേരളത്തിലെ സമ്ബദ് ഘടനയെ താങ്ങി നിര്‍ത്തുന്നത്.
കേവലം എം.എ യൂസുഫലിയും രവി പിള്ളയും മാത്രമല്ല കേരളത്തിലെ ഓരോ ഗ്രാമത്തില്‍ നിന്നും ഒന്നിലധികം പ്രവാസികള്‍ ജനിക്കുന്നുണ്ട്.
അവരുടെയൊക്കെയും സമ്ബാദ്യം കൊണ്ട് തന്നെയാണ് കേരളം ഇന്നും കേരളമായി നിലനിന്ന് പോവുന്നത്.

സൗദി അറേബ്യയില്‍ നിതാഖാത്ത് വന്നപ്പോഴും ഖത്തറില്‍ പ്രശ്നം സംഭവിച്ചപ്പോഴും യമനില്‍ ആഭ്യന്തര യുദ്ധം ഉണ്ടായപ്പോഴും അവിടുത്തുകാരേക്കാള്‍ ഭയപ്പെട്ടത് നമ്മള്‍ മലയാളികളാണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മറക്കാതിരുന്നാല്‍ നന്ന്.