ലൈഫ് ഭവനപദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഹഡ്കോയില്‍ നിന്നും 4000 കോടി വായ്പ്പയെടുക്കുന്നു

തിരുവനന്തപുരം : ഗ്രാമീണ മേഖലയിലെ ഭവനരഹിതര്‍ക്കായി 3000 കോടി രൂപയും നഗര മേഖലയ്ക്കായി 1000 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വായ്പ്പയെടുക്കുന്നു. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനം ലക്ഷ്യമിടുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടാണ് ഹഡ്കോയില്‍ നിന്നും 4000 കോടി രൂപ ലൈഫ് ഭവന പദ്ധതിക്കായി വായ്പ്പയെടുക്കുന്നത്.അടുത്ത മന്ത്രിസഭായോഗം വായ്പയെടുക്കാൻ അനുമതി നൽകും. ഇതോടൊപ്പം ബാങ്ക് കൺസോർഷ്യംവഴി വായ്പയെടുക്കുന്നതിനുള്ള ചർച്ചയും അന്തിമഘട്ടത്തിലാണ്.

ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് ഭൂമിയുള്ള ഭവനരഹിതരായ 1,75,000 പേർക്കുള്ള വീട് നിർമാണം ആരംഭിക്കും. അതിനുമുമ്പ് ഹഡ്കോയുമായി ധാരണാപത്രം ഒപ്പിട്ട് വായ്പ ലഭ്യമാക്കാനാണ് ലൈഫ് മിഷൻ തീരുമാനം. തദ്ദേശസ്ഥാപനങ്ങളുടെ പശ്ചാത്തലവികസനത്തിനായി പ്രവർത്തിക്കുന്ന കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനാകും (കെയുആർഡിഎഫ്സി) ഹഡ്കോ വായ്പ നൽകുന്നത്. കെയുആർഡിഎഫ്സി തുക ലൈഫ് മിഷന് കൈമാറി തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും. 15 വർഷമാണ് തിരിച്ചടവ് കാലാവധി. പലിശയിനത്തിൽ വരുന്ന തുക സർക്കാരും വായ്പാതുക തദ്ദേശ സ്ഥാപനങ്ങളും തിരിച്ചടയ്ക്കും.

പഞ്ചായത്തുകൾക്കുകീഴിൽ 1,75,000 വീടാണ് നിർമിക്കുന്നത്. നഗരസഭകളിൽ 81,000 വീട്. ഒരു വീടിന് നാലുലക്ഷമാണ് തുക. പഞ്ചായത്തുകളിൽ 7000 കോടിയോളം രൂപ വേണ്ടിവരും. ഇതിൽ തദ്ദേശഭരണസ്ഥാപന പദ്ധതിവിഹിതമായ 20 ശതമാനം കൂട്ടുമ്പോൾ 780 കോടി രൂപ ലഭിക്കും. എസ്സി, എസ്ടി, ഫിഷറീസ്, ന്യൂനപക്ഷക്ഷേമം തുടങ്ങിയ വകുപ്പുകളുടെ വിഹിതമായി 800 കോടിയും ലഭിക്കും. ലൈഫ് പദ്ധതിയിൽ ഗുണഭോക്തൃവിഹിതമില്ല. അതിനാൽ ശേഷിക്കുന്ന 5420 കോടി തദ്ദേശഭരണസ്ഥാപനങ്ങൾ കണ്ടെത്തണം. അന്തിമപരിശോധനയിൽ അനർഹരായവർ പുറത്തുപോകുമ്പോൾ 4600 കോടി രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. ഇതിൽ ഗ്രാമീണ മേഖലയ്ക്കുള്ള ഹഡ്കോ വായ്പയായ 3000 കോടി രൂപയുടെ ബാക്കി പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യംവഴി എടുക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇതിനുള്ള ചർച്ച പൂർത്തിയാക്കി ബാങ്കുകൾ കൺസോർഷ്യം രൂപീകരിച്ച് വായ്പ തരാമെന്ന് ഉറപ്പുനൽകിയിട്ടുമുണ്ട്. ലീഡ് ബാങ്കായ കനറാ ബാങ്കാകും കൺസോർഷ്യത്തിനും നേതൃത്വം നൽകുക.

നഗരങ്ങളിൽ നിർമിക്കുന്ന 81,000 വീടുകൾക്ക് പിഎംഎവൈ പദ്ധതിയിൽനിന്ന് ഒന്നരലക്ഷം രൂപ ലഭിക്കുന്നതിനാൽ വലിയ സാമ്പത്തികപ്രയാസം നേരിടില്ല. ഈ ഭവനപദ്ധതിക്ക് നേരത്തെ മൂന്നുലക്ഷം രൂപയായിരുന്നു നൽകിയ തുക. എന്നാൽ, ലൈഫ് പദ്ധതിയുടെ ഭാഗമായി ഈ വീടുകൾക്കും നാലുലക്ഷമായി ഉയർത്തി. ഇതിൽ പിഎംഎവൈ വിഹിതം ഒന്നരലക്ഷവും നഗരസഭാവിഹിതം രണ്ടുലക്ഷവും സംസ്ഥാന സർക്കാർ വിഹിതം 50,000 രൂപയുമാണ്. ഗുണഭോക്തൃവിഹിതം എടുത്തുകളഞ്ഞു. അതിനാൽ നഗരവീടുകൾക്ക് ഹഡ്കോ നൽകുന്ന 1000 കോടി രൂപയുടെ വായ്പ പദ്ധതിക്ക് മതിയാകുമെന്ന നിഗമനത്തിലാണ് ലൈഫ് മിഷൻ. അതിനിടെ, ഗ്രാമമേഖലയിലെ ഭവനപദ്ധതികൾക്കുള്ള ആദ്യഗഡുവായ പത്തുശതമാനം പഞ്ചായത്തുകൾ ഗുണഭോക്താക്കൾക്ക് നൽകിത്തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ