മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം; സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിവെച്ചു

-നിയാസ് കരീം-

റാന്നി: മാര്‍ത്തോമ്മാ ബിഷപ്പ് നിയമന ബോര്‍ഡിലെ വൈസ് ചെയര്‍മാനായിരുന്ന ഗീവര്‍ഗ്ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ബോര്‍ഡില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് ഡിസംബര്‍ ഒന്ന് (വ്യാഴാഴ്ച) വൈകുന്നേരം പ്രത്യേക ദൂതന്‍ വഴി സഭാ പരമാധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് കൈമാറിയതായി അറിയുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ അരമനയില്‍ വൈഫൈ റിപ്പോര്‍ട്ടര്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി റവ. എബ്രഹാം ഇക്കാര്യം നിഷേധിക്കുകയോ സ്ഥിതീകരിക്കുകയോ ചെയ്യാന്‍ തയ്യാറായില്ല. അദ്ദേഹവുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ഇതോടൊപ്പം –

എപ്പിസ്‌കോപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതേച്ചൊല്ലി മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുമായുള്ള സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കടുത്ത എതിര്‍പ്പുകളുമാണ് രാജിയിലേക്ക് നയിച്ചതെന്ന് അറിയുന്നു. നവംബര്‍ 29ന് തിരുവല്ലയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ റവ. ജേക്കബ് ചെറിയാന്‍ അച്ചനെ വ്യാജ രേഖകളുണ്ടാക്കി ബിഷപ്പ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മാര്‍ അത്തനേഷ്യസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സാധ്യമല്ലെന്ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്തമാക്കിയതോടെയാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യമായത്.
എങ്കില്‍ താന്‍ ഈ ബോര്‍ഡില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു മാര്‍ അത്തനേഷ്യസിന്റെ നിലപാട്.

അദ്ദേഹം ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചില ബോര്‍ഡ് അംഗങ്ങളുടെ അനുനയത്തിന്റെ ഫലമായി പിന്നീട് അദ്ദേഹം തിരിച്ചുവരികയും ചെയ്തിരുന്നു. പുതുതായി നാല് ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിലെ തട്ടിപ്പും കള്ളക്കളികളും പുറത്തുകൊണ്ടുവന്നത് വൈഫൈ റിപ്പോര്‍ട്ടറാണ്.

മാര്‍ത്തോമ്മാസഭയില്‍ നാല് ബിഷപ്പുമാരെ നിയമിക്കാനുള്ള നടപടികള്‍ വിവാദത്തില്‍

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പ് തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് ജേക്കബ് ചെറിയാന്‍ അച്ചന്‍

മാര്‍ത്തോമ്മാ ബിഷപ്പ് നിയമനം: സഫ്രഗന്‍ മെത്രാപ്പോലീത്ത രാജിഭീഷണി മുഴക്കി

ബിഷപ്പ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട റവ. ജേക്കബ് ചെറിയാന്‍ എന്ന വൈദികന്‍ പത്തനംതിട്ട നെല്ലിക്കാല പള്ളിയില്‍ ഒക്ടോബര്‍ 16ന് നടന്ന ആരാധനയില്‍ കുര്‍ബാന കുപ്പായം (കാപ്പ) ധരിക്കാതെ കുര്‍ബാന അനുഷ്ഠിച്ചു എന്ന് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിലെ ഒരംഗം റിപ്പോര്‍ട്ട് കൊടുത്തിരുന്നു. അന്നേദിവസം പള്ളിയിലുണ്ടായിരുന്ന മറ്റ് രണ്ട് ബോര്‍ഡ് അംഗങ്ങള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഈ രണ്ട് അംഗങ്ങളുടെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ട് കാപ്പ ധരിച്ചില്ല എന്ന റിപ്പോര്‍ട്ടാണ് ബോര്‍ഡ് അംഗീകരിച്ചത്. ഇതോടെ ജേക്കബ് ചെറിയാന്‍ എന്ന വൈദികന്‍ ബിഷപ്പ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്തായി. വ്യാജ റിപ്പോര്‍ട്ട് സ്വീകരിച്ച് സ്വാത്വികനായ ഈ വൈദികനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബോര്‍ഡ് അംഗമായ സാബു അലക്‌സ് രാജിവെച്ചിരുന്നു.

‘ആരുടെയെക്കെയോ താല്‍പര്യ സംരക്ഷണത്തിനായി ഒരിക്കലും സംഭവിക്കാത്ത കാര്യം സംഭവിച്ചുവെന്ന് സ്ഥാപിച്ചുകൊണ്ട് ‘പകലിനെ രാത്രിയാക്കുന്ന’ നടപടിയാണ് ഉണ്ടായിട്ടുള്ളത്. ഈ ചതിക്ക് കൂട്ടുനില്‍ക്കാന്‍ എന്റെ മനസ്സാക്ഷി അനുവദിക്കാത്തതിനാല്‍ ഈ കത്ത് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡില്‍ നിന്നുള്ള എന്റെ രാജിക്കത്തായി പരിഗണിക്കണം’ എന്നാണ് നവംബര്‍ 16ന് സാബു അലക്‌സ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

സാബു അലക്‌സിന്റെ രാജി കത്തും വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.
ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാല് വൈദികരായ റവ. ജോസഫ് ഡാനിയേല്‍, റവ. മോട്ടി വര്‍ക്കി, റവ. സി.ജി. ജോര്‍ജ്ജ്, റവ. സജു പാപ്പച്ചന്‍ എന്നിവരെ നവംബര്‍ 14ന് വൈദ്യ പരിശോധനയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അവിടെ കേവലം രക്ത പരിശോധന മാത്രം നടത്തി ഇവര്‍ നാലുപേരും തിരിച്ചെത്തി. ഈ മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യാപകമായ തിരിമറി നടത്തിയതായി നവംബര്‍ 29ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയ ഒരാള്‍ക്കുപോലും ‘പെര്‍ഫെക്ട് ഹെല്‍ത്ത്’ എന്നായിരുന്നു വെല്ലൂരിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപം ഉണ്ടായതിനെത്തുടര്‍ന്ന് നാല് നോമിനികളെയും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ഡിസംബര്‍ ഒന്നിന് അയച്ചിരുന്നു. ബിഷപ്പ് നോമിനേഷന്‍ ബോര്‍ഡിന്റെ സത്യസന്ധതയും വിശ്വാസ്യതയും ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായ സഫ്രഗന്‍ മെത്രാപ്പോലീത്ത തന്നെ ചോദ്യം ചെയ്തതോടെ ബിഷപ്പ് നിയമനം തന്നെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിയിരിക്കുകയാണ്.
മാര്‍ അത്തനേഷ്യസിന്റെ രാജിയോടെ സഭയില്‍ കടുത്ത ചേരിതിരിവും ആരോപണ പ്രത്യാരോപണങ്ങളും രൂക്ഷമായിരിക്കുകയാണ്. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഏകാധിപത്യ നടപടികളില്‍ വൈദികര്‍ക്കും സഹ ബിഷപ്പുമാര്‍ക്കും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി സഭയെ ഒരു പിളര്‍പ്പിലേക്കോ പൊട്ടിത്തെറിയിലേക്കോ നീങ്ങുമെന്ന ഭയപ്പാടിലാണ് വിശ്വാസിസമൂഹം.