മലയാളി യുവാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതു 31 വിദേശികൾ

മാവേലിക്കര : മലയാളി യുവാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതു 31
വിദേശികൾ ഫൊട്ടോഗ്രഫറായ കെ.പി.എബ്രഹാമിന്റെയും പ്രിൻസിപ്പലായ ഉഷ
വി.ജോർജിന്റെയും മകനായ അലക്സ് പാപ്പൻ എബ്രഹാമിന്റെ വിവാഹത്തിൽ
പങ്കെടുക്കുന്നതിനായാണു 29 ജർമ്മൻകാരും രണ്ടു റഷ്യക്കാരും
ഓണാട്ടുകരയിലെത്തി താമസിച്ചത്.
ഇന്നലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിലായിരുന്നു
അലക്സും നെല്ലിമല മണക്കുളങ്ങര മാത്തുക്കുട്ടി ജോർജിന്റെയും അന്നമ്മ
സഖറിയയുടെയും മകളായ ഷേറിൻ മാത്യു ജോർജും തമ്മിലുള്ള വിവാഹം.
രണ്ടാം തവണ കേരളത്തിലെത്തിയ റൂഡിക്കും അന്നയ്ക്കൊപ്പം ദമ്പതികളായ
ബാൽത്തസാറും മെലനിയും അവരുടെ മക്കളായ മത്തിൽഡേ (ഏഴ്), ബെല (മൂന്ന്), മീരി
(രണ്ട്), ആദ്യമായി യൂറോപ്പിനു പുറത്തേക്കു സഞ്ചരിച്ച കാതറിൻ, ലിസി,
സോണിയ, യാക്കോബ്, റൂബൻ, സിമോണെ, റോബർട്ട്, ഫോൾക്കർ, അലീസ, ബോഡോ, ഈലാസ്,
സ്റ്റെഫി, ഫാബി, ലൊറന്റ്, ഫാബിയോ, മർക്കുസ്, മോണിക്ക, ആർതർ, ക്രിസ്ത്യാൻ,
യൊഹാന്നസ്, സീമോൻ, മാർട്ടിൻ, റഷ്യക്കാരായ ഈഗോർ, ഉസ്തിനോവ എന്നിവരാണു
വിവാഹത്തിനായി മാവേലിക്കരയിലെത്തിയത്.
കേരളീയ തനിമയിൽ വസ്ത്രധാരണം നടത്തിയാണു ഭൂരിപക്ഷവും വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
പങ്കെടുത്തവരിൽ ഭൂരിഭാഗത്തിനും നല്ല ഉയരമുണ്ടായിരുന്നു. രണ്ടു മീറ്റർ
പൊക്കമുള്ള ക്രിസ്ത്യാൻ ആണു കൂട്ടത്തിലെ ഉയരക്കാരൻ. ക്രിസ്ത്യാൻ അലക്സിനെ
പരിചയപ്പെട്ടതു ക്യൂബയിലേക്കുള്ള യാത്രയിലാണ്. പിന്നീട് അതു നല്ല
സൗഹൃദമായി മാറി. കുടുംബസമേതം വിവാഹത്തിനെത്തിയ ബാത്സർ ഒരു മാസമായി
അലക്സിനോടു ചോദിച്ചു ഓരോ മലയാളം വാക്കുകളും പഠിക്കുന്നുണ്ട്. ലഭിച്ച
ജോലിയിൽ പ്രവേശിക്കുന്നതു വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഒരു
മാസത്തേക്കു മാറ്റിവെച്ചശേഷമാണു റോബർട്ട് എത്തിയത്. പിഎച്ച്ഡി ചെയ്യുന്ന
ഫാബിയോ, മാർക്കുസ്, മോണിക്ക എന്നിവർ വകുപ്പു മേധാവിയുടെ പ്രത്യേക അനുമതി
വാങ്ങിയാണു കല്യാണത്തിനായി വിവാഹത്തിനെത്തിയത്. ലോറയും ഫാബിയോയും ബൈക്കിൽ
ഹിമാലയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണു കേരളത്തിലേക്കു എത്തിയതെങ്കിൽ
യൊഹാന്നാസ് ഇന്നു (03) ഒറ്റയ്ക്കു ഹിമാലയത്തിലേക്കു യാത്രതിരിക്കാനുള്ള
തയ്യാറെടുപ്പിലാണ്.
മലയാളികളുടെ സൗഹൃദത്തെയും ഇംഗ്ലീഷ് മനസിലാക്കുന്നതിനുള്ള മിടുക്കിനെയും
ശ്ലാഘിച്ച സംഘം ചോദിക്കാതെ ഫോട്ടോ എടുക്കുന്നതിനും ഫോർട് കൊച്ചിയിലും
മറ്റും നിർബന്ധിച്ചു കടയിൽ കയറ്റി വൻ വിലയ്ക്കു സാധനങ്ങൾ നൽകി
കബളിപ്പിക്കുന്നതിലുള്ള അമർഷവും മറച്ചുവെച്ചില്ല.
ജർമ്മിനിയിൽ ഐടി എൻജിനീയറായി ജോലി ചെയ്യുന്ന അലക്സ് എംഎസ് പഠനത്തിനായാണു
ആദ്യം ജർമനിയിൽ എത്തിയത്. അവിടെ അലക്സിനൊപ്പം പഠിച്ചവർ, ഇപ്പോൾ ഒപ്പം
ജോലിചെയ്യുന്നവർ, താമസ സ്ഥലത്തെ അയൽവാസികൾ എന്നിവരാണു വിവാഹത്തിനായി
നാട്ടിലെത്തിയത്.

Picture2

Picture3

Picture