വലയിൽ വീണ കിളികൾ

രജിത് ലീല രവീന്ദ്രൻ
കീഴാറ്റൂരിലെ വയൽ കിളികളുടെ സമരം ഒരു കൈപിടിച്ചുയർത്തലിലൂടെ വെടി തീർന്ന സമരമായിട്ടായിരിക്കുമോ വരും കാല രേഖപെടുത്തലുകൾ ഉണ്ടാകുന്നത്.

എനിക്കു തോന്നുന്നു, വയൽകിളികൾ എന്ന പേരിനെ പോലും അപ്രത്യക്ഷമാക്കി സംഘ് പരിവാറിന് ആദ്യമായി ഒറ്റക്ക് എത്തിപിടിക്കാനായ കേരളത്തിലെ പോർമുഖമായി എവിടെയെങ്കിലുമൊക്കെ വാഴ്ത്തപെടുകയും ജനകീയ സമര ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തേക്കാം കീഴാറ്റൂർ. കീഴാറ്റൂർ സമരത്തിൽ ഇനിയും ട്വിസ്റ്റുകൾ ഉണ്ടായേക്കാം.

ഹിന്ദു ഐക്യവേദി നേതാവായി കുമ്മനം പങ്കെടുത്ത ആറന്മുള വിമാനത്താവള വിരുദ്ധ സമരമുൾപ്പെടെ ഒരു വലിയ സമരത്തിലും സമരനേത്ര്വത്വം ഇതുപോലെ വെള്ളിത്തലത്തിൽ വെച്ച് അവർക്ക് കൊടുത്തിട്ടില്ല. ഒഴിഞ്ഞ കസേരകൾ നിറക്കുന്നത് വരും കാലങ്ങളിലും പ്രയാസമുള്ള കാര്യമാണെന്ന് നമുക്ക് തോന്നുന്നത് മുൻകാല അനുഭവങ്ങൾ മുൻനിർത്തിയാണ്. പക്ഷേ രാഷ്ട്രീയ പരിസരം ഒരുപാട് മാറി പോയില്ലേ ഈയിടെയായി.

ബി ജെ പി യെ സംബന്ധിച്ചു കേരളത്തിൽ അവർക്ക് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കണമെങ്കിൽ ഇപ്പോൾ സി പി എം വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കൊണ്ടിരിക്കുന്ന കണ്ണൂരിലെ പ്രദേശങ്ങളെ അവഗണിച്ചു അത് സാധ്യമല്ല എന്ന് ഇന്ത്യ മുഴുവൻ ഈ കൃഷി നടത്തുന്ന സംഘ് പരിവാറിനറിയാത്തതല്ല . അപ്പോളാണ് വിളവിറക്കാൻ ഏറ്റവും പറ്റിയ മണ്ണുള്ള കീഴാറ്റൂർ വീണു കിട്ടുന്നത്.

കേരളത്തിൽ ബി ജെ പി ആ വെള്ളം വാങ്ങി വെച്ചേക്കൂ എന്ന് പറയുന്നവർ ‘സംഘ ശക്തി’ രാം മാധവ്, ഹിമ ബിശ്വ ശർമ്മ ,രജത് സേത്തി എന്നീ ചാണക്യന്മാർ എഴുതിയ തിരക്കഥയുമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി ജെ പി പോയ കഥയറിയണം. തൊണ്ണൂറ്റി ഒമ്പത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലത്തിൽ നിന്നും ക്രിസ്ത്യാനികളായ ബി ജെ പി എം എൽ എ മാരെ ഉണ്ടാക്കുന്ന മണിപ്പൂർ കാണണം.അതിനും കാലങ്ങൾക്കു മുമ്പേ കോൺഗ്രസിന്റെ ശക്തി ദുർഗങ്ങളായ മധ്യപ്രദേശിലെ ട്രൈബൽ മേഖലകളിൽ ബി ജെ പി നടത്തിയ പടയോട്ടത്തിന്റെ ചരിത്രം നോക്കണം. ആർ എസ് എസ് അതിന്റെ പോഷക ഘടകങ്ങളായ വനവാസി കല്യാൺ പരിഷത്തിനെയും ,ഏകൽ വിദ്യാലയത്തെയും പതിറ്റാണ്ടുകളായി പണി ചെയ്യിപ്പിച്ചാണ് ഇവിടെയും,ജാർഖണ്ഡിലും വംശ രാഷ്ട്രീയം പറയാൻ നിയമസഭയിൽ ആളെ ഉണ്ടാക്കിയത്. രാഷ്ട്രീയ വിഷയങ്ങൾ മാത്രമല്ല വഴിയേ പോകുന്ന ഏതു പ്രശ്നത്തിലും തലയിട്ടു കൊണ്ടാണിതൊക്കെ നേടിയതെന്ന് പകൽ പോലെ വ്യക്തമല്ലേ.

ഉത്തർപ്രദേശിൽ പശുവിന്റെ കാൽ തൊട്ടു വന്ദിക്കുന്നത് നിർബന്ധമാക്കിയാൽ തന്നെ ,അതേസമയത്തു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റേഷൻ കട വഴി ബീഫ് വിതരണം ചെയ്യുന്ന അധികാര രാഷ്ട്രീയത്തിന്റെ ചടുലമായ വെട്ടിത്തിരിയലുകളുമുണ്ട് ഇപ്പോൾ പരിവാറിന്റെ കയ്യിൽ. അതെ നമ്മൾ പ്രതീക്ഷിക്കുന്ന,കാത്തിരിക്കുന്ന വഴികളിലൂടെയാവില്ല അവർ വരുന്നത് ,സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന അയലിടങ്ങളിലൂടെയും, ഇടവഴികളിലൂടെയും ആകാമത്.

ഒന്നാലോചിച്ചു നോക്കിയാൽ അഞ്ചു ഗ്രാമങ്ങൾ കൊടുത്താൽ ഒഴിവാക്കാമായിരുന്ന ഒരു അതിർത്തി തർക്കത്തെ മഹാഭാരത യുദ്ധമാക്കി തീർത്തത് വെറുമൊരു കഥയാണെന്ന് പറയാമെങ്കിലും കഥകളിൽ നിന്നും പഠിക്കാനുണ്ട് ചിലതെല്ലാം.

വിശദമായ പാചകവിധി നേരത്തെ തന്നെ അവരുടെ കയ്യിലുണ്ട്.അടുപ്പും,ചൂടാക്കി വെച്ചിരിക്കുകയാണ്. ഇടാനുള്ള കഷണങ്ങൾക്കായി കാത്തിരിപ്പു മാത്രമാണ് ഇപ്പോൾ അവർ ചെയ്യുന്നത്. അതിൽ ഇടേണ്ട കഷണങ്ങൾ അവർ കണ്ടെത്തട്ടെ, നമ്മൾ അദ്ധ്വാനിച്ചു എത്തിച്ചു കൊടുക്കേണ്ടതില്ലല്ലോ. നമ്മുടെ ഇടയിൽ നിന്നും അവർ കഷണങ്ങൾ കൊണ്ടുപോകുമ്പോൾ ആർത്തു വിളിച്ചു സന്തോഷംപ്രകടിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.