ജയലളിതയുടെ നില അതീവ ഗുരുതരം; ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു; കേന്ദ്ര സേനയെ വിന്യസിച്ചേക്കും

ജയലളിതയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞ് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയവര്‍

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു.

6387f0df-8345-4d8b-9cc1-8d58757c10bb
ജയലളിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു അപ്പോളോ ആശുപത്രിയിലേക്ക് തരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും തമിഴ്‌നാട് മന്ത്രിമാരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
അസുഖങ്ങളെല്ലാം ഭേദമായി തമിഴകം ഭരിക്കാന്‍ മുഖ്യമന്ത്രി ജയലളിത ഉടന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അവരുടെ പാര്‍ട്ടിയായ എഐഎഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിനച്ചിരിക്കാതെ ഹൃദയാഘാതം ഉണ്ടായത്.

ജയലളിതയുടെ സുഖപ്രാപ്തിക്കായി സംസ്ഥാനത്ത് ഉടനീളം പ്രാര്‍ത്ഥനകരും വിശേഷാല്‍ പൂജകളും നടത്തി വരികയാണ്. അമ്മയ്ക്കായി ആന്ധ്രാ മുഖ്യമന്ത്രിവരെ പ്രത്യേക പൂജ നടത്തിയിരുന്നു. അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരും അമ്മ ഭക്തരും പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുകയാണ്.

ജയലളിതയുടെ അഭാവത്തില്‍ പനീര്‍ശെല്‍വമാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.