ഗായിക ഗായത്രി വിവാഹിതയായി

പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സിത്താര്‍ വാദകനും ഗായകനും സംഗീത സംവിധായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഗായത്രിയും പുര്‍ബയാന്‍ ചാറ്റര്‍ജിയും തമ്മില്‍ ഏറെ നാളുകളായി അടുത്ത സുഹൃത്തുക്കളാണ്. നിരവധി സംഗീത പരിപാടികള്‍ ഇരുവരും ഒന്നിച്ച് അവതരിപ്പിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍ ചാറ്റര്‍ജി ഇന്ത്യന്‍ സംഗീതവും വെസ്റ്റേണ്‍ ശൈലിയും സമന്വയിപ്പിച്ചുള്ള ഫ്യൂഷന്‍ സംഗീത പരിപാടിയിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. 15ാം വയസില്‍ രാഷ്ട്രപതിയുടെ പക്കല്‍ നിന്നും മെഡല്‍ നേടിയ സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം.

ക്വീന്‍ എലിസബത്ത് ഹാള്‍ മുതല്‍ സിഡ്‌നിയിലെ ഒപ്പേറ ഹൗസ് വരെയുള്ള നിരവധി അന്താരാഷ്ട്ര വേദികളില്‍ പുര്‍ബയാന്‍ ചാറ്റര്‍ജി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശങ്കര്‍ മഹാദേവന്‍, തബല ഉസ്താദ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായ ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. രവീന്ദ്രന്‍ മാസ്റ്റര്‍ ഈണമിട്ട ‘ദീനദയാലോ രാമ’ എന്ന ഗാനം ഗായത്രിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. സസ്‌നേഹം സുമിത്ര എന്ന സിനിമയിലെ ‘എന്തെയെന്‍ കണ്ണ’ എന്ന ഗാനം ആലപിച്ച് 2003ൽ മികച്ച പിന്നണി ഗായിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.