തിരുവനന്തപുരം : സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന 427 നാട്ടാനകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലെന്ന് വനം വകുപ്പ്. ആന പരിപാലന രംഗത്തുള്ള ഒരു സന്നദ്ധ സംഘടന വനംവകുപ്പിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി ലഭിച്ചത്.
മതിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ ആനകളെ സൂക്ഷിക്കുന്നവരില്‍ 320 ഹിന്ദുക്കളും 44 മുസ്ലീങ്ങളും 63 ക്രിസ്ത്യാനികളുമുണ്ടെന്നാണ് വനം വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.
349 കൊമ്പനാനകളും 74 പിടിയാനകളും സ്വകാര്യ വ്യക്തികളുടെ പക്കലുണ്ട്. നാല് ആനകള്‍ കൊമ്പില്ലാത്തവയാണ്. വനം വകുപ്പിന്റെ പക്കല്‍ 29 ആനകളുണ്ട്. ഇവയെ കോട്ടൂര്‍, കരുളായി, കോടനാട്, കോന്നി എന്നി ആന പരിപാലന കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇത്തവണ തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തില്‍ പങ്കെടുപ്പിക്കുന്ന 15 ആനകളുടെ ഉടമസ്ഥര്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്ന് ആന പരിപാലന സംഘത്തിന്റെ നേതാവായ വി. വെങ്കിടാചലം പറഞ്ഞു.
1972-ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം മതിയായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് ആനകളെ സംരക്ഷിക്കാനാവില്ലെന്ന നിയമത്തിന്റെ ലംഘനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് വെങ്കിടാചലം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ 52 ആനകളില്‍ 19 എണ്ണത്തിന് യാതൊരു രേഖകളുമില്ല. മിക്ക ദേവസ്വങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 32 ആനകളുണ്ട്. ഇവയിലൊന്നിനു പോലും ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ രേഖകളില്ല. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 11-ഉം അഞ്ചും ആനകളുണ്ട്. ഇവയ്‌ക്കൊന്നിനും മതിയായ രേഖകളില്ല. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ടാനകള്‍ക്കും ഉടമസ്ഥത തെളിയിക്കുന്ന യാതൊരു രേഖയുമില്ല. മതിയായ രേഖകളില്ലാതെ വന്യജീവികളെ സംരക്ഷിക്കുന്നത് ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ച് കേസെടുക്കാവുന്ന കുറ്റമാണ്. ഏഴു വര്‍ഷത്തെ തടവും, 25,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.
ഈ വര്‍ഷം മാത്രം 22 നാട്ടാനകള്‍ പാപ്പാന്മാരുടെ കടുത്ത മര്‍ദ്ദനവും, ഉടമസ്ഥരുടെ സൂക്ഷ്മതക്കുറവു കൊണ്ടും കൊല്ലപ്പെട്ടിട്ടുണ്ട്. ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ എഴുന്നള്ളിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി മേനകാ ഗാന്ധി സംസ്ഥാനത്തിന് ഈ അടുത്തിടെ കത്തയച്ചിരുന്നു.