ദേശീയഗാനം ചര്‍ച്ചയാകുമ്പോള്‍ – പ്രൊഫ. ഇമ്മാനുവലിന്റെ നിയമപോരാട്ടം ഒരിക്കല്‍ കൂടി ഓര്‍ക്കുക

ഇമ്മാനുവല്‍, ഭാര്യ ലില്ലിക്കുട്ടി, ബിനു, ബിജോയ്, ബിന്ദു
ദേശീയഗാനവും ദേശീയതയും ഇപ്പോള്‍നാട്ടിലെ ചായകടകളില്‍പോലും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. ദേശീയത ഒരു പക്ഷത്തിന്റെ രാഷ്ട്രീയം കൂടിയാകുമ്പോള്‍ അതിന് തീവ്രത വര്‍ദ്ധിക്കുന്നു. ഏറ്റവും ഒടുവില്‍ വന്ന സുപ്രീംകോടതി വിധി പ്രകാരം സിനിമാതീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കും. ഓരോ പൗരനും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. ദേശീയഗാനത്തോട് അനാദരവ് കാണിച്ചാല്‍ നിങ്ങളെ ശിക്ഷിക്കാന്‍ നിയമത്തിന് സാധിക്കും.
അതവിടെ നില്‍ക്കട്ടെ. എല്ലാം ഡിജിറ്റലായി മാറുന്ന ഈ കാലത്തിന് ഒത്തിരി മുമ്പ് ഒരു അനലോഗ് കാലഘട്ടത്തില്‍ ദേശീയ ഗാനത്തോട് എങ്ങിനെ ആദരവ് കാണിക്കണമെന്നത് ചര്‍ച്ചയായിരുന്നു.
വര്‍ഷം 1985. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹൈസ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ചൊല്ലിയപ്പോള്‍ കൂടെ ചൊല്ലിയില്ല എന്ന കുറ്റത്താല്‍ മൂന്നു കുട്ടികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. യഹോവ സാക്ഷി മതവിശ്വാസികളായിരുന്നു ബിജോയ് ഇമ്മാനുവല്‍ പിന്നെ സഹോദരിമാരായ ബിനു, ബിന്ദു എന്നിവര്‍. യഹോവ സാക്ഷികളുടെ മതവിശ്വാസ പ്രകാരം യഹോവയല്ലാതെ മറ്റാരെയും ആരാധിക്കരുത്. ദേശീയ ഗാനം ഒരു പ്രാര്‍ത്ഥനയാണെന്നും ആയതിനാല്‍ അത് കൂടെ ചൊല്ലുന്നതില്‍ നിന്നും ഒഴിവാക്കണം. എന്നായിരുന്നു അവരുടെ ആവശ്യം. എഴുന്നേറ്റ് നിന്ന് ആദരവ് കാണിച്ചു കൊള്ളാമെന്നും കുട്ടികളുടെ അച്ഛനായ പ്രൊഫ. ഇമ്മാനുവല്‍ പറഞ്ഞെങ്കിലും സസ്‌പെന്‍ഷന്‍ തുടര്‍ന്നു.
ഇത് സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കണ്ട് അന്നത്തെ എം.എല്‍.എയായിരുന്ന വി.സി. കബീര്‍ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന നിയമസഭയില്‍ ടി.എം. ജേക്കബ് ആയിരുന്നു വിദ്യാഭ്യാസമന്ത്രി. പ്രശ്‌നം അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ ഗവണ്‍മെന്റ് നിയോഗിച്ചു.
കുട്ടികള്‍ ദേശീയഗാനത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്‌കൂള്‍ അധികൃതര്‍ക്ക് പ്രശ്‌നത്തില്‍ പരാതിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ കുട്ടികള്‍ക്ക് സ്‌കൂളില്‍ തുടര്‍ന്നു പഠിക്കണമെങ്കില്‍ ദേശീയഗാനം കൂടെ ചൊല്ലിക്കൊള്ളാമെന്ന് എഴുതി നല്‍കാന്‍ മാത്രമേ അനുവദിക്കുള്ളൂവെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിലപാട്. യഹോവ സാക്ഷികളായ മറ്റ് ഒമ്പത് പേര്‍ കൂടി അതേ സ്‌കൂളിലുണ്ടായിരുന്നു. എല്ലാവരെയും സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
സംഭവം നിയമപോരാട്ടത്തിന്റെ വഴിക്കായി. ഹൈക്കോടതിയില്‍ കുട്ടികളുടെ രക്ഷിതാവായ പ്രൊഫ. ഇമ്മാനുവേല്‍ കേസ് നല്‍കി. ഒരു പൗരന്റെ പഠിക്കാനുള്ള അവകാശം ലഭിക്കുന്നില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കപ്പെടുന്നില്ല എന്നതായിരുന്നു കോടതിയില്‍ വാദിച്ചത്. സിംഗിള്‍ ബെഞ്ച് പരാതി തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കി. ദേശീയഗാനത്തിന്റെ ആശയമോ വരികളോ ഏതെങ്കിലും മതവിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ളതല്ലെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പോരാട്ടം അവിടം കൊണ്ട് അവസാനിച്ചില്ല. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പ്രൊഫ. ഇമ്മാനുവേല്‍ അപ്പീല്‍ നല്‍കി. സംഭവം പിന്നീട് ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ബിജോ ഇമ്മാനുവല്‍ വേഴ്‌സസ് കേരള ഗവണ്‍മെന്റ് എന്ന നിലയിലേക്ക് മാറി. കേസ് പരിഗണിച്ച ഒ. ചിന്നപ്പ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പറഞ്ഞു. യഹോവ സാക്ഷികളുടെ വിശ്വാസ രീതികള്‍ മറ്റുള്ളവര്‍ക്ക് ആശ്ചര്യം തോന്നുന്നവയാകാം. എന്നാല്‍ അവര്‍ അവരുടെ വിശ്വാസത്തോട് കാണിക്കുന്ന വിശ്വസ്തത ചോദ്യം ചെയ്യാനാകാത്തതാണ്. ഓരോ ഇന്ത്യന്‍ പൗരനും ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ദേശീയ ഗാനത്തിനൊപ്പം എഴുന്നേറ്റ് നില്‍ക്കാതിരുന്നാല്‍ അത് മനപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തിയായതിനാല്‍ കുറ്റകരമാണ്. പക്ഷേ ആദരവ് കാണിക്കാനായി എഴുന്നേറ്റ് നിന്നാല്‍ മതിയെന്നും ദേശീയഗാനം കൂടെ ചൊല്ലണമെന്നില്ലെന്നും കോടതി വിധിച്ചു. ദേശീയഗാനം പാടണമെന്നുള്ളത് കേരള വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പ് തല നിര്‍ദ്ദേശം മാത്രമാണെന്നും കോടതി പറഞ്ഞു.
നിയമപോരാട്ടത്തിന്റെ വഴിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തോളം നഷ്ടമായി. അനുകൂല വിധി വന്നതിനെ തുടര്‍ന്ന് ഒരു ദിവസം ക്ലാസില്‍ ഇരുന്നെങ്കിലും പിന്നീട് അവര്‍ സ്‌കൂളിനോട് വിട പറഞ്ഞു. വീട്ടിലിരുന്ന് കൊണ്ടുള്ള പഠനമാണ് പിന്നെ നടത്തിയത്.
ദേശീയഗാനം വീണ്ടും വാര്‍ത്തയില്‍ നിറയുമ്പോള്‍ സ്വന്തം അവകാശ സംരക്ഷണത്തിനായി രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയ പ്രൊഫ. ഇമ്മാനുവേലിന്റെ കഥ ഓര്‍ക്കേണ്ടത് തന്നെയാണ്.