ഇനി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ അവയവദാനത്തിന് തയാറാകണം

രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് പുതുതായി എടുക്കുന്നതിനും പുതുക്കുന്നതിനും അവയവദാനത്തിനുളള സമ്മതപത്രം നല്‍കണം. ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 1989ലെ മോട്ടോര്‍ വെഹിക്കിള്‍ റൂളിലാണ് ഇത് സംബന്ധിച്ച മാറ്റം നടത്താന്‍ ഗതാഗത മന്ത്രാലയം തയാറെടുക്കുന്നത്. അവയവദാനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാനാണ് ഈ നീക്കം. ലോകത്ത് റോഡപകടങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2015ല്‍ ഒരു ലക്ഷത്തി നാല്പ്പതിനായിരം പേരാണ് ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. ഈ വര്‍ഷം പ്രതിദിനം 400 എന്ന നിലയില്‍ കൂടിയിരിക്കുകയാണ്. കൂടുതല്‍ പേരും തലയ്ക്കേറ്റ പരിക്കുകളാണ് മരണകാരണമാകുന്നത്. ഇത്തരത്തില്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിക്കുന്നവര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യാവുന്നതാണ്. എന്നാല്‍ പലപ്പോഴും ബന്ധുക്കള്‍ ഇതിന് തയാറാവുന്നില്ല. അതിനാലാണ് ബോധവത്കരണം എന്ന നിലയില്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം. ഒരു സന്നന്ധ സംഘടന നല്‍കുന്ന കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം പേര്‍ കിഡ്നി മാറ്റിവയ്ക്കലിനും അമ്പതിനായിത്തോളം പേര്‍ ഹൃദയം കരള്‍ എന്നിവയുടെ മാറ്റിവയ്ക്കലിനുമായി ആശുപത്രികളില്‍ എത്തുന്നുണ്ട്.