മാണിയുടെ വോട്ടിനോട് യാതൊരു അയിത്തവുമില്ലെന്ന് എ.കെ ആന്റണി

ചെങ്ങന്നൂര്‍: മാണിയുടെ വോട്ടിനോട് തനിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു അയിത്തവുമില്ലെന്ന് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണി. മാണിയുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം യു.ഡി.എഫാണ് കൈകൊള്ളേണ്ടത്. എന്നാല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു വോട്ടിനോടും അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് മാണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ്സും സി.പി.എമ്മും മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സി.പി.ഐ ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. മാണിയുടെ പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ് സി.പി.ഐ നിലപാട്. ഇത് ഇടതുമുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താനായി കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയോഗം മെയ് 11ന് ചേരും.