കാനാവിലെ കല്യാണ വിരുന്ന്

നാടൊന്നിച്ച് നടത്തിയ ഗീതുവിന്‍റെ കല്യാണം 

വൈഫൈ ന്യൂസ് ഡെസ്ക് 

 

തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വൈകുന്നേരം കോടികള്‍ മുടക്കി ബിജുരമേശ് എന്ന കോടീശ്വരന്‍ തന്റെ മകളുടെ വിവാഹ മാമാങ്കം നടത്തിയത് ചാനലുകള്‍ ആഘോഷിച്ചത് വന്‍വാര്‍ത്തയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ അമരവിള ഏഴാറ്റൂരില്‍ നാട്ടുകാരുടെയും സുമസ്സുകളുടെയും കാരുണ്യത്തില്‍ കെങ്കേമായി നടത്തിയ മറ്റൊരു വിവാഹം ആ നാടിന്റെ ഉത്സവമായിരുന്നു. ഇനിയും വറ്റിപ്പോകാത്ത ഒരു ഗ്രാമത്തിന്റ നന്‍മയുടെ ഒത്തൊരുമ കൂടിയായിരുന്നു ഈ വിവാഹം.

നോട്ട് മരവിപ്പിക്കല്‍ പ്രതിസന്ധിയില്‍ കീഴാറൂര്‍ സ്വദേശിനിയായ ഗീതുവിന്റെ വിവാഹം പ്രസിസന്ധികളില്ലാതെ നടത്തുവാന്‍ കഴിയുമോ എന്ന ആശങ്കയിലായിരുന്നു വളര്‍ത്തച്ഛനായ സ്റ്റീഫന്‍ ഡേവിഡും കുടുംബവും. അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളെത്തുടര്‍ന്ന് അനാഥരായിപ്പോയ ഗീതുവിന്റെയും മൂത്ത സഹോദരി നീതുവിന്റെയു സംരക്ഷണം 2010 ല്‍ സ്റ്റീഫനും ഭാര്യയും ഏറ്റെടുക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ സ്റ്റീഫന്‍ തന്റെ ചെറുവരുമാനത്തില്‍ നിന്നാണ് തന്റെ മക്കള്‍ക്കൊപ്പം ഒരുകുറവും അറിയിക്കാതെ ഗീതുവിനെയും നീതുവിനെയും വളര്‍ത്തിയത്. പ്ലസ് ടു വരെയുള്ള പഠനത്തിനുശേഷം മൂത്ത കുട്ടി നീതുവിനെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ കഴിഞ്ഞ വര്‍ഷം വിവാഹം ചെയ്ത് അയച്ചു.

ഗീതുവിന്റെ വിവാഹത്തിനായി സഹകരണബാങ്കില്‍ ലോണിന് ചെന്നപ്പോഴാണ് നോട്ട് പ്രതിസന്ധിയുടെ ദുരന്തം ഈ പാവപ്പെട്ടവന്‍ അറിയുന്നത്. തന്റെ കിടപ്പാടമായ അഞ്ച് സെന്റ് സ്ഥലം പണയം വെച്ച് വായ്പയെടുക്കാന്‍ പല ബാങ്കുകളെയും സമീപിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തി. സ്റ്റീഫന്റെ ഈ കഥ മാധ്യമങ്ങള്‍ വഴി അറിഞ്ഞ നാട്ടുകാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വരൂപിച്ച പണംകൊണ്ടാണ് ഇന്നലെ ഈ വിവാഹം മംഗളമായി നടത്തിയത്. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്‌കൂളിന്റെ വകയായി വിവാഹത്തിനും സദ്യയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി 1,55,000 രൂപ പിരിച്ചുനല്‍കി.

കേവലം 40,000 രൂപ മാത്രം കൈയിലുണ്ടായിരുന്ന സ്റ്റീഫന് കുട്ടികളുടെ ഈ കൈത്താങ്ങ് വലിയൊരു സാഹയമായി. സ്റ്റീഫന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ രാജ്യസഭ എം.പിയും നടനുമായ സുരേഷ്‌ഗോപി 50,000 രൂപയും കെ.പി.സി.സി പ്രസിഡന്റ് 25,000 രൂപയും നല്‍കി. 600 പേര്‍ക്കാണ് കീഴാരൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ സദ്യ ഒരുക്കിയിരുന്നത്. എം.എല്‍.എമാരായ ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ബി.ജെ.പി സംസ്ഥാന നേതാവ് കരമന ജയന്‍ തുടങ്ങിയ വലിയൊരു രാഷ്ട്രീയ നേതൃത്വം തന്നെ ഈ വിവാഹത്തിന് മംഗളംനേരാന്‍ എത്തിയിരുന്നു.