ദേശീയ പുരസ്‌കാര ജേതാക്കളോട് കേന്ദ്രം മാപ്പുപറയണം: വി.എം.സുധീരന്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വന്‍ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവച്ച കേന്ദ്രസര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

കഴിഞ്ഞ 65 വര്‍ഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല.

പ്രോട്ടോക്കോള്‍ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്.

ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ധാരണ പിശക് വന്നാല്‍ നേരിട്ട് കണ്ട് പതിവ് രീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അതി ഗുരുതരമായ വീഴ്ചയാണ് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഇനിയും ന്യായീകരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ മോശമാകാതെ തെറ്റ് സമ്മതിച്ച് രാജ്യത്തോടും നമ്മുടെ അഭിമാന ജനങ്ങളായ പുരസ്‌കാര ജേതാക്കളായ കലാപ്രതിഭകളോട് മാപ്പു പറയാനും ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പു നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.