പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണത്തില്‍ ഫോറന്‍സിക് സര്‍ന്‍ ഡോ.ഉന്മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉന്മേഷിന് അനുകൂലമായ തീരുമാനം. വിവാദം ഉണ്ടായി ഏഴുവര്‍ഷത്തിനു ശേഷമാണ് ഡോ. ഉന്മേഷ് കുറ്റവിമുക്തനായത്.

തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി.പ്രഫസറായിരുന്ന ഉൻമേഷിൻറെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം . പക്ഷെ വിചാരണ വേളയിൽ വകുപ്പ് മേധാവിയായ ഡോ.ഷെർളി വാസുവും, ഉൻമേഷും പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ വിവാദങ്ങള്‍ തുടങ്ങി. വിവാദം വളര്‍ന്നതോടെ ഉന്മേഷിനെ സസ്‌പെന്‍ഡു ചെയ്തു. പിന്നാലെ പ്രതിയാക്കി ക്രിമിനല്‍ കേസും റജിസ്റ്റര്‍ ചെയ്തു. നേരത്തെ ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയും അംഗീകരിച്ചു.

പോസ്റ്റുമോര്‍ട്ടം നടത്തിയത് ഉന്‍മേഷാണെന്നും വകുപ്പ് തല നടപടികള്‍ തുടരുന്നത് നീതിനിഷേധമാണെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കിയത്