ടൂറിസം സീസണ്‍ തുടങ്ങി; കേരളത്തിന്റെ രുചിയറിയാന്‍ നിമ്മിയെ തേടി വിദേശികള്‍

പി.പി. പവിത്ര

കൊച്ചി :മലയാളത്തിന്റെ കൊതിയൂറുന്ന നാടന്‍ രുചികള്‍ ആസ്വദിക്കുന്നതിനും കൂട്ടുകളുടെ രസതന്ത്രം മനസ്സിലാക്കുന്നതിനുമായി അന്യരാജ്യക്കാര്‍ കേരളത്തിലേക്കെത്തുന്നു. പാചകത്തിന്‍റെ കൈപ്പുണ്യം നിറഞ്ഞ നിമ്മി പോള്‍ എന്ന വീട്ടമ്മയുടെ വിജയഗാഥ കൂടിയാണിത്.

പാചകകലയെപ്പറ്റി ആഴത്തില്‍അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എറണാകുളം തേവരക്കടുത്ത് പെരുമാനൂരില്‍ നിമ്മി ആന്റ് പോള്‍സ് ഹോമില്‍ ചെല്ലുക. അവിടെ നിമ്മിക്കൊപ്പമിരുന്ന് പാചകം പഠിക്കാം. ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാം. രസക്കൂട്ടുകളുടെ മാന്ത്രികത നേരിട്ട് മനസ്സിലാക്കുകയും ചെയ്യാം. നമ്മുടെ അപ്പവും ഫിഷ് മോളിയും തനി നാടന്‍ കേരള സദ്യയും ബിരിയാണിയുമൊക്കെയാണ് നിമ്മിയുടെ വിഭവങ്ങള്‍. അമ്മയില്‍ നിന്നും അമ്മൂമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവും നിമ്മിക്ക് ഈ രംഗത്ത് മുതല്‍ക്കൂട്ടായി. നാടന്‍വിഭവങ്ങള്‍ തീര്‍ത്തും നാടന്‍ രീതിയില്‍ വച്ചു വിളമ്പി നിമ്മി അണിനിരത്തിയപ്പോള്‍ അത് രുചിയുടെ വേറിട്ട കാഴ്ചയായി. അങ്ങനെ കാതുകളില്‍ നിന്നു കാതുകളിലേക്ക് നിമ്മിയുടെ കൈപ്പുണ്യം പടര്‍ന്നു. വിദേശികള്‍ നിമ്മിയെപ്പറ്റി അറിഞ്ഞു. അന്യദേശങ്ങളില്‍ പോയി നിമ്മി നമ്മുടെ രുചികള്‍ പങ്കുവെച്ചു. കാലിഫോര്‍ണിയയിലെ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ കുക്കറി സ്‌കൂളില്‍ നടന്ന കുക്കറി മേളയില്‍ രണ്ട് തവണ പങ്കെടുക്കാനും സമ്മാനം നേടാനും കഴിഞ്ഞു. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു വനിതക്ക് ഇത്തരത്തില്‍ ഒരു പുരസ്‌കാരം ലഭിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 600 പേര്‍ സമ്മേളിച്ച കോണ്‍ഫ്രന്‍സിലാണ് ഇത്തരമൊരു പുരസ്‌കാരം നിമ്മിക്ക് ലഭിച്ചത്. പാലപ്പവും ഫിഷ് മോളിയും ബിരിയാണിയുമായിരുന്നു നിമ്മി അന്ന് മേളയില്‍ പങ്കുവെച്ച വിഭവങ്ങള്‍.
പെണ്‍കുട്ടികള്‍ക്ക് പാചകവും മറ്റും അഭ്യസിപ്പിച്ചിരുന്ന വിമലാലയം ഫിനിഷിംഗ് സ്‌കൂളില്‍ 91 മുതല്‍ പാചകം പഠിപ്പിച്ച് തുടങ്ങിയതാണ് നിമ്മി. വര്‍ഷങ്ങള്‍ അങ്ങനെ പാചകാധ്യാപികയായി തുടര്‍ന്നു.97-ലാണ് വിദേശികള്‍ നിമ്മിയെക്കുറിച്ചറിഞ്ഞ് പാചകം പഠിക്കാനെത്തിയത്. കേരളത്തിലെ ഭക്ഷണവിഭവങ്ങള്‍ ഏറെ ആസ്വാദ്യമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഇതേപ്പറ്റി കൂടുതല്‍ അറിയാന്‍ എത്തിത്തുടങ്ങിയത്. തുടക്കത്തില്‍ നാലും അഞ്ചും പേര്‍ മാത്രമാണ് എത്തിയിരുന്നത്. അവരെ പാചക വിദഗ്ദ്ധരാക്കുക എന്നതിനേക്കാളുപരി നമ്മുടെ ഭക്ഷണത്തെയും അതിന്റെ ഗുണങ്ങളെ പറ്റി അവരെ ബോധ്യപ്പെടുത്തുകയെന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് നിമ്മി പറയുന്നു. 2002-ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റര്‍ ആര്‍.ഡബ്ല്യു. ആപ്പിള്‍ നിമ്മിയെപ്പറ്റി അറിഞ്ഞ് വീട്ടിലെത്തി. അവിടെ നിമ്മിയുടെ പാചകരീതികള്‍ മനസ്സിലാക്കിയ ആപ്പിള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ കേരളത്തിന്റെ രൂചികളെയും നിമ്മിയെയും പറ്റി വലിയ ഒരു ലേഖനം എഴുതി. ഇതിനു ശേഷമാണ് വിദേശകള്‍ വന്‍ തോതില്‍ നിമ്മിയെപ്പറ്റി അന്വേഷിച്ചറിഞ്ഞ് എത്തിത്തുടങ്ങിയത്.

ജപ്പാന്‍, ഗ്രീസ്, അമേരിക്ക, ഐസ് ലാന്റ്, തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരാറുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അവര്‍ നിമ്മിക്കൊപ്പം നിന്ന് പാചകം ചെയ്യും. കഴിച്ച ശേഷം തിരിച്ചു പോകും. ചിലരാകട്ടെ രണ്ടോ മൂന്നോ ദിവസം താമസിക്കാന്‍ താല്‍പര്യം കാണിക്കും. എന്നാല്‍ തനിക്ക് അതിനോട് അത്ര താല്‍പര്യമില്ലെന്ന് നിമ്മി തുറന്നു പറയുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അതിനുള്ള സൗകര്യം വല്ലപ്പോഴും ചെയ്ത് കൊടുക്കാറുണ്ട്.
നാം നിത്യവും കഴിക്കുന്ന അവിയലും ചെറുപയറും സാമ്പാറുമെല്ലാം അതീവ ആയുര്‍വേദ ഗുണങ്ങളുള്ളതാണ്. അതേപ്പറ്റി വിദേശികള്‍ക്ക് പറഞ്ഞു കൊടുക്കും. ജാതിക്ക, മഞ്ഞള്‍, ജീരകം തുടങ്ങിയവയെ പറ്റിയൊക്കെ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. അത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷമാണ്. നിമ്മി പറയുന്നു.

മണ്‍ചട്ടിയിലും ഉരുളിയിലും വെച്ച് ഇലയില്‍ വിളമ്പുന്നതാണ് നിമ്മിയുടെ രീതികളില്‍ ഒന്ന്. അതിഥികളോട് സംസാരിക്കും. അവര്‍ക്ക് നമ്മളില്‍ ഒരാളായി നമ്മുടെ അടുക്കളയില്‍ നമ്മോടൊപ്പമിരുന്ന് ഭക്ഷണം പാകം ചെയ്ത് ഒരുമിച്ച് കഴിക്കും. ഇത് നിമ്മിയുടെ രണ്ടാമത്തെ പ്രത്യേകത. എല്ലാത്തിനും സഹായിയായി ഭര്‍ത്താവ് പോള്‍ ഒപ്പമുണ്ട്. മകന്‍ ജോസഫ്.