ബംഗളൂരു: കര്‍ണാടകയില്‍ തൂക്കു സര്‍ക്കാര്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പറ്റി ആശങ്കപ്പെടേണ്ടെന്നും വാരാന്ത്യ അവധി ആഘോഷിക്കൂവെന്നും പ്രവര്‍ത്തകരോടായി സിദ്ധരാമയ്യ പറഞ്ഞു.
അടുത്ത രണ്ടു ദിവസത്തേക്കു മാത്രമുള്ള വിനോദമാണ് എക്‌സിറ്റ് പോളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങളില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നല്‍കുന്നില്ല. കന്നഡ ചാനലായ സുവര്‍ണ, ഇന്ത്യാടുഡേ, ടൈംസ് നൗ, ആജ്തക് എന്നിവയുടെ പ്രവചനം കോണ്‍ഗ്രസ്സിന് അനുകൂലമായപ്പോള്‍ എ.ബി.പി, ന്യൂസ് എക്‌സ്, ന്യൂസ് നാഷന്‍, റിപബ്ലിക് ടി.വി എന്നീ പ്രവചനങ്ങള്‍ ബി.ജെ.പിക്കും ഒപ്പം നിന്നു.
കേവലഭൂരിപക്ഷത്തിനാവശ്യമായ 113 സീറ്റുകള്‍ ഏതെങ്കിലും കക്ഷിക്കു ലഭിക്കുമെന്ന് ഒന്നോ രണ്ടോ പ്രവചനങ്ങള്‍ മാത്രമേയുള്ളൂ. പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ കര്‍ണാടകയില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെയുള്ള കൂട്ടുമന്ത്രിസഭയാവും അധികാരത്തിലേറുക.











































