മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയ്ക്ക് ഒപ്പമെന്ന് സൂചന

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായകതീരുമാനം വരാനിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളംമാറി. ഇവര്‍ ബിജെപി അനുകൂല നിലപാടെടുത്തേക്കുമെന്ന് സൂചന. ബംഗളൂരുവില്‍ നിന്ന് പുറത്തേക്ക് പോയ എംഎല്‍എമാരില്‍ ഇവരില്ല. അതേസമയം ബംഗളൂരുവില്‍ നിന്ന് മാറ്റിയ ജെഡിഎസ് , കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ബി.ജെ.പിയുടെ പ്രലോഭനങ്ങളില്‍ വീഴാതെ എം.എല്‍.എമാരെ ഒപ്പം നിര്‍ത്താനാണ് ഇരുപാര്‍ട്ടികളുടെയും ശ്രമം.

ബംഗളൂരുവിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും കൂറുചോരാതെ എംഎല്‍.എമാരെ പിടിച്ചുനിര്‍ത്തുക അസാധ്യമെന്ന് കണ്ടതോടെയാണ് അര്‍ധരാത്രിയിലെ നീക്കം. രാത്രി പതിനൊന്നരയോടെ ബസുകളിലും കാറുകളിലുമായി എം.എല്‍.എമാരെ റിസോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയി. എവിടെക്കെന്ന് എം.എല്‍.എമാരെപ്പോലും അറിയിച്ചിരുന്നില്ല.

എച്ച്.ഡി കുമാരസ്വാമി നേരിട്ടെത്തിയാണ് എം.എല്‍.എമാരെ യാത്രയാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കൊണ്ടുപോകാന്‍ നീക്കം നടത്തിയെങ്കിലും വിമാനങ്ങള്‍ക്ക് പറക്കാനുളള അനുമതി നിഷേധിച്ചതായി കുമാരസ്വാമി പറഞ്ഞു. അധികാരത്തിനായി ബി.ജെ.പി എന്തും ചെയ്യുമെന്നും അതിനാലാണ് എം.എല്‍.എമാരെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി.