കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ കേരളത്തിലേക്കെന്ന് സൂചന; വാളയാര്‍ അതിര്‍ത്ഥിയില്‍ സുരക്ഷ ശക്തമാക്കി

ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകങ്ങള്‍ ഇപ്പോഴും തുടരുകയാണ് . ബിജെപി എംഎല്‍എമാരെ വലവീശിപ്പിടിക്കുന്നത് ഒഴിവാക്കാനായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്.

ഇവര്‍ കേരളത്തിലേക്കെന്നാണ് അവസാന മണിക്കൂറുകളില്‍ ലഭിക്കുന്ന സൂചന. പൊലീസിന് ലഭിച്ച വിരവരത്തെ തുടര്‍ന്ന് വാളയാര്‍ അതിര്‍ത്ഥിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിനുമില്ല.

കര്‍ണാടകത്തില്‍ നിന്നും എംഎല്‍എമാര്‍ കേരളത്തിലെത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ 12 മണിയോടെ ജെഡിഎസ് എംഎല്‍എമാരുമായി പോയ ബസ് ഹൈദരാബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബസ് കേരളത്തിലേക്ക് പോകുമെന്ന് സൂചനയുണ്ട്.

വളരെ രഹസ്യമായാണ് കാര്യങ്ങള്‍ നീക്കുന്നത്. ബസുകള്‍ എവിടെയാണെന്ന് കൃത്യമായി വിവരമില്ല. സ്വകാര്യ സുരക്ഷ ജീവനക്കാരടങ്ങിയ കാറുകളുടെ അകമ്പടിയോടെയാണ് എംഎല്‍എമാര്‍ കര്‍ണാടകത്തില്‍ നിന്നും മാറ്റിയിരിക്കുന്നത്.