ജോണ്‍ എബ്രഹാം !!! മണം മാറാത്ത ഓര്‍മ്മകള്‍

എസ്. ജഗദീശ് ബാബു

മഴ പെയ്യുമ്പോള്‍ പുതു
മണ്ണില്‍ നിന്നുണരുന്ന
മണം ഉച്ചിയില്‍ ടയര്‍
കരിയും കൊടും മണം
മഷിപ്പാടുണങ്ങാത്ത
കവിതയുടെ മണം…

സച്ചിദാനന്ദന്‍ ജോണ്‍ എബ്രഹാമിനെ വരഞ്ഞിടുന്നത് അസാധാരണ മികവോടെയാണ് ആ പച്ചയായ ജോണ്‍ എബ്രഹാമുമായി പലവട്ടം നേരിട്ട് ഇടപെട്ടിട്ടുണ്ട്. ജോണ്‍ മണമുള്ള അനുഭവങ്ങള്‍ ഇന്നും മനസ്സില്‍ അങ്ങനെ തന്നെയുണ്ട്. 1981 കാലത്താണ്  ആദ്യമായി ജോണിനെ നേരിട്ടു കാണുന്നത്. അന്നു തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ലൈബ്രറിക്കു മുന്നിലെ പുല്‍പ്പരപ്പിലിരിക്കുകയാണ് ഞങ്ങള്‍ എസ്.എഫ്.ഐ കൂട്ടം. മുന്നിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് എം. കൃഷ്ണന്‍നായര്‍ സാര്‍ ലൈബ്രറിയിലെ വായന കഴിഞ്ഞു ബസ് കയറിപ്പോവുക.

ആ ദിവസങ്ങളിലൊന്നില്‍ ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങള്‍ എന്ന സിനിമയെക്കുറിച്ചു കലാകൗമുദിയിലെ സാഹിത്യ വാരഫലത്തില്‍ കൃഷ്ണന്‍നായര്‍ അടച്ചാക്ഷേപിച്ച് എഴുതിയിരുന്നു. ജോണ്‍ ഒരു ചലച്ചിത്രകാരനല്ലെന്നും ഇതെന്തു സിനിമയെന്നുമായിരുന്നു എഴുത്തിന്റെ സാരാംശം.

പതിവുപോലെ കൃഷ്ണന്‍നായര്‍ സാര്‍ ബസ് കയറാന്‍ വരുമ്പോള്‍ ജോണ്‍ മുന്നില്‍ കൃഷ്ണന്‍ നായരെ തടഞ്ഞു നിര്‍ത്തി. ജോണ്‍ ക്ഷോഭത്തോടെ സംസാരിക്കാന്‍ തുടങ്ങി. സിനിമയെക്കുറിച്ചു നിനക്കെന്തറിയാം. എന്നെക്കുറിച്ചെഴുതാന്‍ നീയാര്… ഇങ്ങനെ പോകുന്നു ജോണിന്റെ മുഴങ്ങുന്ന ചോദ്യങ്ങള്‍. രണ്ടു പേരും അവരവരുടെ മേഖലകളിലെ വമ്പന്മാരാകയാല്‍ ജനം ചുറ്റിനും കൂടി. കൃഷ്ണന്‍നായര്‍ സാര്‍ ചുരുങ്ങുന്നുണ്ടായിരുന്നു പിന്നെ, ഒരു വിധത്തില്‍ ജോണിനോടു മാപ്പു പറഞ്ഞ് അദ്ദേഹം അടുത്തു വന്ന ബസ്സില്‍ കയറി രക്ഷപ്പെട്ടു എന്നു പറയുന്നതാവും ശരി.

ജോണ്‍എബ്രഹാമിനെ നേരിട്ടു കണ്ട ആദ്യ ഓര്‍മ്മ ഇതാണ്. തൊട്ടടുത്ത ലക്കം കലാകൗമുദിയിലെ വാരഫലത്തില്‍ ജോണ്‍ മഹാനായ സംവിധായകനാണെന്നും ചെറിയാച്ചന്‍ അത്ര മോശം സിനിമയല്ലെന്നും കൃഷ്ണന്‍നായര്‍ സാര്‍ എഴുതിയത് വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളൊക്കെ ഞെട്ടിയിരുന്നു.

പിന്നെ പറഞ്ഞറിഞ്ഞത് ഇങ്ങനെയാണ്. ജോണ്‍ നേരെ കൃഷ്ണന്‍നായരുടെ വീട്ടില്‍ ചെന്നു. ഗേറ്റില്‍ തട്ടി അദ്ദേഹത്തെ വിളിച്ചിറക്കി ഇനി എന്നെക്കുറിച്ച് എന്തെങ്കിലും എഴുതിയാല്‍ നിന്നെ വീടു കയറി തല്ലുമെന്നായിരുന്നത്രേ ജോണ്‍ അയല്‍ക്കാരും കേള്‍ക്കെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്. പതിവായി സാഹിത്യവാരഫലം വായിച്ചിരുന്ന ഓര്‍മ്മയില്‍ പറയട്ടെ. പിന്നെ ജോണിനെക്കുറിച്ച് ആ പംക്തിയില്‍ വായിച്ചതോര്‍മ്മയില്ല.

image-2

പിന്നെ ജോണിനെ കാണുന്നത് മാസങ്ങള്‍ക്കു ശേഷം ഒരു പാതിരാത്രിയിലാണ്. അന്ന് യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിയന്‍ ചെയര്‍മാനാണ് ഞാന്‍ സമതാളം മാസികയുടെ മാനേജിംഗ് എഡിറ്റര്‍ പദവിയുമുണ്ട്. യൂണിയന്‍ പ്രവര്‍ത്തനവും സമതാളം ജോലിയുമൊക്കെ കഴിഞ്ഞ് മിക്കവാറും ആറ്റിങ്ങലിലെ വീട്ടിലേക്ക് പോകുന്നത് രാത്രി പത്തരയ്ക്കുള്ള അവസാന ഷട്ടില്‍ ബസ്സിലാണ്. അതില്‍ മാത്രമേ പിന്നെ കണ്‍സെഷന്‍ ടിക്കറ്റ് കിട്ടൂ. ആ ദിവസം അതിലും വൈകിയിരുന്നു. കോളേജില്‍ നിന്നു തമ്പാനൂരിലേക്കു നടക്കുമ്പോള്‍ എസ്.എം.വി സ്‌കൂളിന്റെ മുന്നില്‍ റോഡില്‍ ഒരു ബൈക്ക് സെന്‍ട്ര്ല്‍ സ്റ്റാന്‍ഡിട്ട് അതില്‍ ആരോ നിവര്‍ന്നു കിടന്നു സിഗററ്റ് വലിക്കുന്നു. മുടിയും താടിയും നീട്ടി വളര്‍ത്തിയിട്ടുണ്ട്. കൗതുകം കൊണ്ട് അടുത്തേക്ക് ചെന്നു. സംക്രമണം വാരികയുടെ എഡിറ്റര്‍ പ്രിയദാസ് ജി. മംഗലത്താണ്. പ്രിയദാസ് പിന്നീട് വലിയ പ്രസാധകനും ബിസിനസ്സുകാരനുമൊക്കെയായി മാറി. അന്നൊക്കെ സംക്രമണവും സമതാളവും തമ്മില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മത്സരമുള്ള കാലമാണ്. കടമ്മനിട്ടയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയുമൊക്കെ കവിതകള്‍ ആദ്യമായി കാസറ്റില്‍ ഇറക്കിയതും പ്രിയദാസായിരുന്നു.

എസ്.എം.വി സ്‌കൂളിന്റെ പഴയ മതിലില്‍ ആരോ പോസ്റ്റര്‍ ഒട്ടിക്കുന്നു. നോക്കുമ്പോള്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളുടെ പോസ്റ്ററാണ്. ഒട്ടിക്കുന്നയാള്‍ക്ക് ജോണിന്റെ നല്ലഛായ. അടുത്തേക്കു ചെന്നപ്പോള്‍ ജോണ്‍ തന്നെയാണ്! പ്രിയദാസിന്റെ നേതൃത്വത്തില്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ടാഗോര്‍  ഹാളില്‍ പ്രത്യേക പ്രദര്‍ശനം വച്ചിരിക്കുന്നു. അതിന്റെ പോസ്റ്ററാണ്. സ്വന്തം സിനിമയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെ നടന്ന് ഒട്ടിക്കുന്നു. ഇന്ന് എത്ര സംവിധായകരെ അങ്ങനെ കാണാനാവും ?

john1

കുറച്ചു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞ ഞാന്‍ കോഴിക്കോട് കേരളകൗമുദിയില്‍ ട്രെയിനിയായി വരുന്ന കാലത്താണ് അമ്മ അറിയാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്ട് നടക്കുന്നത്. ഫറോക്കിലാണ് ഷൂട്ടിംഗ്.

ടൈംസ് ഓഫ് ഇന്ത്യ വിട്ടു വന്ന പി.ജെ. മാത്യു സാറാണ് അന്ന് ഞങ്ങളുടെ ന്യൂസ് എഡിറ്റര്‍. അദ്ദേഹം എനിക്കു ഒരു ദിവസം തന്ന അസൈന്‍മെന്റ്, ജോണിന്റെ സെറ്റില്‍ പോയി സിനിമയെക്കുറിച്ച് വിശദമായി എഴുതാനായിരുന്നു.

അന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ അടുത്ത മുറിയില്‍ താമസിച്ചിരുന്നത് ഒരു സംവിധായകനായിരുന്നു. ഡാലിയ പൂക്കള്‍ എന്ന ചിത്രം ഒരുക്കിയ രത്‌നസിംഗ്. തീയേറ്ററില്‍ തകര്‍ന്നു പോയെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അത്. രത്‌നസിംഗും ജോണും സുഹൃത്തുക്കളാണ്. അദ്ദേഹം ജോണിനെ കാണാന്‍ പോകാന്‍ കൂടെ വരാമെന്നേറ്റു.

ഒഡേസാ മൂവീസിലെ അഹമ്മദുമായും എനിക്ക് അടുപ്പമുണ്ടായിരുന്നു. ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള പടയണി, സ്പാര്‍ട്ടക്കസ്  എന്നീ നാടകങ്ങള്‍ ഞങ്ങള്‍ ആറ്റിങ്ങലില്‍ കളിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് അഹമ്മദും മധുമാസ്റ്ററും രാമചന്ദ്രന്‍ മൊകേരിയുമെല്ലാം ആറ്റിങ്ങലില്‍ വന്നു താമസിച്ചിട്ടുണ്ട്. കോളേജ് അധ്യാപകനായിരുന്ന രാമചന്ദ്രന്‍ മൊകേരിയായിരുന്നു സ്പാര്‍ട്ടക്കസിനെ അവതരിപ്പിച്ചത്. അസാമാന്യ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്നും മറക്കാനാവുന്നില്ല. വേദിയിലെ ആ രംഗങ്ങള്‍.

ഫറൂഖില്‍ ഒരു പാരലല്‍ കോളേജിലാണ് ഷൂട്ടിംഗ്. അവിടെ ചെന്നപ്പോള്‍ അഹമ്മദ് പറഞ്ഞു, സംവിധായകന്‍ രാവിലെ എങ്ങോട്ടോ പോയി. യൂണിറ്റ് കാത്തിരിക്കുകയാണ് കണ്ടെത്തണം. അദ്ദേഹം പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലൊക്കെ തിരഞ്ഞു. കണ്ടില്ല. ഒടുവില്‍ അഹമ്മദ് പറഞ്ഞു. ഇനി സാധ്യത ഒരിടത്താണ് അവിടേക്കു പോയി നോക്കാം. പാടത്തിനു നടുക്ക് ഒരു ചാരായഷാപ്പ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ നടവരമ്പിലൂടെ ജോണ്‍ എതിരെ വരുന്നു. അഹമ്മദ് കാര്യം പറഞ്ഞു. ജോണ്‍ ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. കുറച്ചുനേരം നിന്ന ശേഷം വരൂ… എന്നു മാത്രം പറഞ്ഞു. ജോണ്‍ തിരിച്ചു നടന്നു. പിന്നാലെ ഞങ്ങളും. അഹമ്മദ് കാതില്‍ പറഞ്ഞു, ചാരായം കുടിക്കാന്‍ പറഞ്ഞാല്‍ കുടിച്ചോളണം. ഇല്ലെങ്കില്‍ സംസാരിക്കില്ല. ഞാന്‍ മറുപടി ഒരു മൂളലില്‍ ഒതുക്കി.

ഷാപ്പില്‍ കയറി, ജോണ്‍ രണ്ടു നൂറു മില്ലി വീതം ഓര്‍ഡര്‍ ചെയ്തു. നരകതീര്‍ത്ഥം രണ്ടു ഗ്ലാസുകളില്‍ മേശമേല്‍ ഇടിച്ചു വയ്ക്കപ്പെട്ടു. ജോണ്‍ ഒരു ഗ്ലാസെടുത്തു. എന്നോടും അടുത്ത ഗ്ലാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ അനുസരിച്ചു. ആദ്യമായാണ് ഞാന്‍ മദ്യപിക്കുന്നത്. കൈയൊന്നു വിറച്ചു. പിന്നെ ഒറ്റവലിക്ക് നൂറുമില്ലിയും അകത്താക്കി തൊണ്ടയില്‍ നിന്ന് ആമാശയത്തിലേക്ക് തീ കത്തിയൊഴുകിപ്പോയി. എസ്.എഫ്.ഐയുടെ സാംസ്‌കാരിക വേദിയുടെയും പ്രവര്‍ത്തകര്‍ മദ്യപാനത്തിനും പുകവലിക്കുമെല്ലാം എതിരെ ശക്തമായി നില കൊണ്ടിരുന്ന അക്കാലത്ത് ഞാനും പ്രത്യയശാസ്ത്ര വിലക്കുകളെ കരുതലോടെ പാലിച്ചിരുന്നു. പക്ഷേ, അതുവരെ തുടര്‍ന്ന വ്രതം ജോണ്‍ മുടക്കുക തന്നെ ചെയ്തു.

മദ്യത്തിന്റെ ഊര്‍ജ്ജത്തില്‍ ജോണ്‍ നന്നായി സംസാരിച്ചു. തുടക്കക്കാരന്റെ പരിഭ്രമം നിമിത്തം അന്ന് ജോണിന്റെ വാക്കുകള്‍ ചെറിയൊരു വാക്മാനില്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്തുമെടുത്തിരുന്നു.

അന്നു കേരളകൗമുദിയുടെ വീക്കെന്‍ഡ് കോഴിക്കോട്ടാണ് തയ്യാറാക്കുന്നത്. മാത്യു സാറിന്റെ നേതൃത്വത്തില്‍ പ്രസാദ് ലക്ഷ്മണും രവി മേനോനുമാണ് വീക്കെന്‍ഡ് മാഗസിന്‍ തയ്യാറാക്കുന്നത്. പ്രസാദ് ലക്ഷ്മണ്‍ ഇപ്പോള്‍ കലാകൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. രവി മേനോന്‍ മാതൃഭൂമി എഫ്.എം ചാനലിന്റെ സംഗീത വിഭാഗം തലവനും. ജോണിന്റെ ഫീച്ചര്‍ വീക്കെന്‍ഡ് മാഗസിനില്‍ കവര്‍ സ്റ്റോറിയായി വന്നു. തോക്കിന്‍ കുഴലുമായി ജോണ്‍ ജനങ്ങളിലേക്ക് എന്നായിരുന്നു തലക്കെട്ട് എന്നാണ് ഓര്‍മ്മ. പിന്നീട് കുറേ കാലത്തിനു ശേഷം കണ്ടപ്പോള്‍ എഴുത്തു നന്നായിരുന്നുവെന്നു മാത്രം ജോണ്‍ പറഞ്ഞു. എന്നെക്കുറിച്ച് ഇനി എഴുതിയാല്‍ വീട് കയറി തല്ലുമെന്നു കൃഷ്ണന്‍ നായര്‍ ഭീഷണിപ്പെടുത്തിയ രംഗമാണ് അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.

ജോണ്‍ ഇല്ലാത്തൊരു ജോണ്‍ കഥ കൂടി പറയാം. 1994 കാലം. അന്ന് ഭാര്യയ്ക്ക് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലി കിട്ടിയതു നിമിത്തം ഞാനും ട്രാന്‍സഫര്‍ വാങ്ങി കാസര്‍കോട് ലേഖകനായി പോയി. നീലേശ്വരത്തായിരുന്നു താമസം.

അന്ന് അവിടെ എല്ലാ സഹായവും ചെയ്തു തന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളിലൊരാളെന്നു ഞാന്‍ കരുതുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ മക്കളായ വിദ്യാധരന്‍, സുരേന്ദ്രന്‍, ശെല്‍വരാജ് എന്നിവരായിരുന്നു. കയ്യൂര്‍ സമരനായകനായ ചൂരിക്കാടനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റാന്‍ വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയെത്തിയില്ല എന്ന ആനുകൂല്യത്തിലാണഅ അദ്ദേഹം കഴുമരത്തില്‍ നിന്നു രക്ഷപ്പെട്ടത്.

ചൂരിക്കാട് നീലേശ്വരത്ത് ഒരു ചെറിയ പ്രസുണ്ടായിരുന്നു. വിദ്യാധരേട്ടന്റെ രാഗം സ്റ്റുഡിയോയും പ്രസ്സുമെല്ലാം കാസര്‍കോട്ട് എത്തുന്ന സാംസ്‌കാരിക നായകരുടെ താവളമായിരുന്നു.

അവിടെ എത്തുന്നവരെ ചുരിക്കാടന്‍ കുടുംബം ഏറ്റെടുക്കുകയായിരുന്നു. പതിവെന്നു പറയുന്നതാവും ശരി. ആത്മാര്‍ത്ഥതയുടെ പൂമരങ്ങളായിരുന്നു അവരെല്ലാം. സുരേന്ദ്രന്‍ പിന്നീട് സുരേന്ദ്രന്‍ നീലേശ്വരം എന്ന പേരില്‍ അറിയപ്പെടുന്ന ജേര്‍ണലിസ്റ്റായി.

കയ്യൂര്‍ എന്ന സ്ഥലനാമം കൂടി പേരിനൊപ്പം ചേര്‍ത്ത് ശെല്‍വരാജ് ഫോട്ടോഗ്രാഫറുമായി. രണ്ടു പേരും കേരള കൗമുദിയില്‍ തുടങ്ങി, ഏഷ്യാനെറ്റിലെത്തി. പക്ഷേ വിധി അവരെ മൂന്നു പേരെയും നേരത്തെ മടക്കി വിളിച്ചു.

ജോണ്‍ കയ്യൂര്‍ സമരം സിനിമയാക്കാന്‍ വേണ്ടി നീലേശ്വരത്ത് കുറേക്കാലമുണ്ടായിരുന്നു. ചുരിക്കാടന്‍ കുടുംബമായിരുന്നു ജോണിനെ അന്ന് ഏറ്റെടുത്തത്. നീലേശ്വരം-ചെറുവത്തൂര്‍ റൂട്ടിലെ റെയില്‍വേ ക്രോസ് കടന്നാല്‍ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. വൈകാതെ ജോണ്‍ അവിടെ പറ്റുകാരനായി.

കയ്യൂരിനെക്കുറിച്ചുള്ള പഠനം കഴിഞ്ഞു. തിരക്കഥയുമായി ഇതിനിടെ ഷാപ്പിലെ പറ്റ് വല്ലാതെ കൂടിപ്പോയി. കൊടുക്കാന്‍ ജോണിന്റെ കൈയില്‍ പണമില്ല. ഒടുവില്‍ തിരക്കഥ ഷാപ്പില്‍ പണയം വച്ചു പോവുകയായിരുന്നു. ഈ കഥ പറഞ്ഞത് വിദ്യാധരേട്ടനായിരുന്നു. വിദ്യാധരേട്ടനുമൊത്ത് ആ ഷാപ്പില്‍ ഒരു ദിവസം പോയി നോക്കി.

ജോണ്‍ വച്ചു പോയ തിരക്കഥ അവിടെയുണ്ടെങ്കില്‍ അതൊന്നു കാണണം. ആരെങ്കിലും അത് ഏറ്റെടുത്താല്‍ സിനിമയാക്കാനായാലോ. മലയാള സിനിമയ്ക്ക് അതൊരു മുതല്‍ക്കൂട്ടായെങ്കിലോ എന്നു തോന്നിയാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഷാപ്പിലെ ജീവനക്കാരനായ വൃദ്ധന്‍ മാത്രമാണുണ്ടായിരുന്നത്.

ജോണ്‍ മരിച്ചതില്‍ പിന്നെ ഒഡേസയുടെ ആളുകള്‍ വന്ന് കടം തീര്‍ത്ത് തിരക്കഥ കൊണ്ടു പോയെന്ന് വൃദ്ധന്‍ പറഞ്ഞു. അതിനൊപ്പം ഒരു ജോണ്‍ കഥ കൂടി അദ്ദേഹം പറഞ്ഞു. തിരക്കഥ വച്ചു പോയതില്‍ പിന്നെ ഒരു രാത്രിയില്‍ നാലു പേരുമൊത്തു ജോണ്‍ വന്നു. രാത്രിയെന്നു പറഞ്ഞാല്‍ പതിനൊന്നര മണി കഴിഞ്ഞു.

ഷാപ്പു പൂട്ടി കിടന്നതില്‍ പിന്നെയാണ് വന്നു കതകില്‍ മുട്ടിയത്. മുട്ടു കേട്ട് ചെന്നു നോക്കുമ്പോള്‍ ജോണാണ്. ചാരായം തരില്ലെന്നു പറയാനാവില്ലല്ലോ. അതിനാല്‍ തുറന്നെടുത്തു കൊടുത്തു. പിന്നെ കുടിയായി. ചര്‍ച്ചയായി, ബഹളമായി.

ജോണിന് ടച്ചിംഗ് എന്തെങ്കിലും വേണം. ഷാപ്പില്‍ ഒന്നുമില്ല. അപ്പോള്‍ ഒരു ഉറുമ്പ് മേശയ്ക്കു മുകളിലൂടെ ഒരു കടലമണി വലിച്ചു കൊണ്ടു പോകുന്നു. ചാരായം ഉള്ളിലാക്കിയ ശേഷം ഉറുമ്പിനെ നോവിക്കാതെ ജോണ്‍ കടലമണി തട്ടിയെടുത്ത് അതു കൊറിച്ചുകൊണ്ട് ഇറങ്ങിപ്പോയി. കൂടെയുണ്ടായിരുന്നവരെല്ലാം അപ്പോള്‍ ചിരിക്കുന്നുണ്ടായിരുന്നുവെന്നും വൃദ്ധന്‍ ഓര്‍ക്കുന്നു.

സച്ചിദാനന്ദനിലേക്കു തന്നെ പോയി ഈ കുറിപ്പ് അവസാനിപ്പിക്കാം.
അഞ്ചപ്പമയ്യായിരം-
മായ് വിടര്‍ന്നിടും മണം
സ്വര്‍ഗ്ഗത്തേയ്ക്കുയര്‍ന്നു പോം
ചോളനാമ്പൊന്നിന്‍ മണം
അവസാനത്തെത്തിരു-
വത്താഴവീഞ്ഞിന്‍ മണം…
അതേ. ജോണ്‍ മണം ഇന്നും മായാതെയുണ്ട്. ജോണിനു തുല്യം ജോണ്‍ മാത്രം.
(കടപ്പാട് – എക്സ്ക്ലൂസീവ് വാരിക)