കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍;പദവി ആഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ലെന്ന് കുമ്മനം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന.  കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

‘മറ്റുള്ളവര്‍ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അത് ലഭിക്കാതെ ഇതിന്മേല്‍ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ല’ കുമ്മനം വ്യക്തമാക്കി.

നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചതെന്ന് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരന്‍ 1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മല്‍സരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് സംഘ് പ്രചാരകനായി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഹിന്ദു ഐക്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമായിരുന്നു കുമ്മനം. 57കാരനായ കുമ്മനം ഗവര്‍ണറായി ചുമലയെടുക്കുന്നതോടെ കേരളത്തല്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും.