അമ്മയ്ക്ക്‌ശേഷം ഒരു തലൈവര്‍ വരുമോ? 

-പി.എ.സക്കീര്‍ ഹുസൈന്‍ –

ദ്രാവിഡ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യാനാകാത്ത നേതൃത്വമായി നിലകൊണ്ട പുരട്ച്ചി തലൈവി ജയലളിതക്കുശേഷം ആര് നയിക്കും?. ജയലളിതയുടെ മരണത്തോടെ അനാഥമാക്കപ്പെട്ട തമിഴ് ജനതയുടെ ഉള്ളെരിയിക്കുന്ന പ്രധാന ചോദ്യം ഇതുതന്നെ.
എ.ജി രാമചന്ദ്രനെന്ന എം.ജി.ആറിന്റെ മരണശേഷം അണ്ണാ ഡി.എം.കെ നേരിട്ടതിലും ശക്തമായൊരു പരീക്ഷണഘട്ടമാണ് പാര്‍ട്ടി ഇന്ന് നേരിടുന്നത്.
ചോദ്യം ചെയ്യപ്പെടാനാകാത്ത രാഷ്ട്രീയ നേതൃത്വത്തിനുകീഴിലെ അടിമത്തം എക്കാലത്തും ആസ്വദിക്കുന്ന തമിഴ് ജനത ഇപ്പോഴും അതില്‍നിന്ന് മാറി ചിന്തിക്കാന്‍ തയാറായിട്ടില്ല. തമിഴ് രാഷ്ട്രീയത്തില്‍ ഏക്കാലത്തെയും നേതാക്കളായിരുന്ന എം.ജി.ആര്‍, കാമരാജ്, കരുണാനിധി, ജയലളിത തുടങ്ങിയവരൊക്കെയും തങ്ങള്‍ക്കുനേരെ പ്രജകളുടെ വിരല്‍ ഉയരാതിരിക്കാനും ചോദ്യം ചെയ്യപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നേതാക്കളുടെ ഈ ആര്‍ജവം തന്നെയാണ് അവരെ ജനപ്രിയരാക്കിയതും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തില്‍നിന്ന് തികച്ചും വിഭിന്നമാണ് ദ്രാവിഡ മനസ്. രാഷ്ട്രീയവും സിനിമയും തമ്മില്‍ ഇവര്‍ വേര്‍തിരിവ് കല്‍പ്പിച്ചിട്ടേയില്ല. എം.ജി.ആറും കരുണാനിധിയും തുടക്കമിട്ട സിനിമ- രാഷ്ട്രീയ ബന്ധം ജയലളിതയോടെ അവസാനിപ്പിക്കാന്‍ തമിഴ് ജനത തയാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ തലൈവിക്കുശേഷവും വെള്ളിത്തിരയിലെ ഒരു താരം തങ്ങളുടെ നേതാവാകുമെന്ന പ്രതീക്ഷയിലാണവര്‍.
എം.ജി.ആറിന്റെ ശവമഞ്ചത്തിന് സമീപത്തുനിന്ന് അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രനും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ചവിട്ടിപ്പുറത്താക്കിയ ജയലളിത, പിന്നീട് അണ്ണാ ഡി.എം.കെയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വളരുകയായിരുന്നു. അന്ന് എം.ജി.ആറിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ ജാനകിയെ അവരോധിക്കാന്‍ ശ്രമമുണ്ടായെങ്കിലും വെള്ളിത്തിരയിലെ താരമായിരുന്ന ജയലളിതയെയാണ് തമിഴ് ജനത അംഗീകരിച്ചത്. എം.ജി.ആറിന്റെ ആരാധകര്‍ തന്നെയാണ് ജയലളിതയെ പിന്നീട് തമിഴ് മക്കളുടെ പുരട്ചി തലൈവിയാക്കിത്. രണ്ടായി പിളര്‍ന്ന എ ഐ എ ഡി എം കെയെ ഒന്നിപ്പിച്ച് അധികാരത്തിലെത്തിച്ചതും ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വളര്‍ന്നതും ജയലളിതയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്.
എം ജി ആറിന്റെ എതിരാളി കരുണാനിധി തന്നെയായിരുന്നു തലൈവിയുടെയും ശത്രു. കരുണാനിധിയുടെ ഡി എം കെയെ പിന്നിലാക്കി പലതവണ ജയലളിത തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. അതേസമയം രണ്ടാംനിരനേതാക്കളെ വളര്‍ത്തിയെടുക്കാനോ പ്രോത്സാഹിപ്പിക്കാനോ ജയലളിത തയാറായില്ല. അതുതന്നെയാണ് അവരുടെ വിയോഗശേഷം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
 ഒ.പനീര്‍ശെല്‍വം, തോഴി ശശി കല എന്നിവര്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ജയലളിതയുടെ പകരക്കാരാകാന്‍ കഴിയില്ലെന്നതാണ് വസ്തുത. അഥവാ ആയാല്‍തന്നെ തമിഴ്ജനത അവരെ എത്രത്തോളം പിന്തുണയ്ക്കുമെന്നതിലും സംശയമുണ്ട്.
തമിഴ് രാഷ്ട്രീയം സിനിമയെ ചുറ്റിപ്പറ്റിയായതുകൊണ്ടുതന്നെ ജനപ്രിയ താരങ്ങളില്‍ ആരെങ്കിലും പാര്‍ട്ടി തലപ്പത്തേക്ക് എത്താനുള്ള സാധ്യതയും ശക്തമാണ്. സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്, ഇളയ ദളപതി വിജയ് എന്നിവര്‍ക്കാണ് ഇതില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ഏറെ ആരാധകരുള്ള രജനീകാന്ത് ബി.ജെ.പി സംഘടിപ്പിച്ച ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. ജയലളിതയുമായി തെരഞ്ഞെടുപ്പ് കാലത്തു പോലും യാതൊരു അടുപ്പവും പുലര്‍ത്താതിരുന്ന അദ്ദേഹം എ.ഐ.എ.ഡി.എം.കെ പാളയത്തിലെത്തുമോയെന്നതും സംശയമാണ്. ജയയോട് ഏറെ അടുപ്പം പുലര്‍ത്തുകയും ദ്രാവിഡ ജനതയുടെ പ്രതീകമായി അറിയപ്പെടുകയും ചെയ്യുന്ന വിജയ്ക്കാണ് മറ്റൊരു സാധ്യത. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സിനിമാ ബന്ധങ്ങള്‍ പൊടുന്നനെ ഉപേക്ഷിച്ച് വിജയ് തലൈവിയുടെ ഇളമുറക്കാരനാകുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.
തമിഴ് രാഷ്ട്രീയരംഗം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരാളാണ് അജിത്. ജയലളിതയുമായി അജിത് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നെന്നും പാര്‍ട്ടിയെ അദ്ദേഹം നയിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ശക്തമാണ്. ഏതായാലും ഇക്കാര്യത്തിലും വരുംദിവസങ്ങളില്‍ സ്ഥിരീകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. രാഷ്ട്രീയ മോഹങ്ങളുള്ള നിരവധി താരങ്ങള്‍ തമിഴ്‌നാട്ടിലുണ്ടെങ്കിലും ശരത്കുമാര്‍, കുശ്ബു തുടങ്ങിയവര്‍ക്ക് ദ്രാവിഡ രാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കാനാകാത്തത് അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നു.
ഏതായാലും വരുംദിവസങ്ങളില്‍ പനീര്‍ശെല്‍വത്തെയോ ശശികലയെയോ പാര്‍ട്ടിയുടെ തലപ്പത്തേക്ക് നിയോഗിച്ചേക്കാം. അതുമല്ലെങ്കില്‍ എം.ജി.ആറിന്റെ മരണശേഷമുണ്ടായതുപോലെ പാര്‍ട്ടി രണ്ടായേക്കാം. എന്തുതന്നെയായാലും പുരുട്ചി തലൈവി ജയലളിതയുടെ ഇളമുറക്കാരനായി വെള്ളിത്തിരയിലെ താരം ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണിലേക്കിറങ്ങുമെന്ന് ഉറപ്പാണ്. അതുതന്നെയാണ് അമ്മയുടെ ആരാധകര്‍ ആഗ്രഹിക്കുന്നതും.